ഒരു കോടിയുടെ മുക്കുപണ്ടം തട്ടിപ്പ്; കേസിലെ പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ
text_fieldsകൊച്ചി: പ്രമുഖ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ പാലാരിവട്ടം ശാഖയിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിലായി. കേസിലെ നാലാം പ്രതി കോഴിക്കോട് ഫറോക്ക് സ്വദേശി അൽത്താഫിനെയാണ് (29) ബംഗളൂരുവിൽനിന്ന് പാലാരിവട്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂണിലാണ് 14 തവണയായി 116 മുക്കുപണ്ട വളകൾ സ്വർണമെന്ന വ്യാജേന പണയപ്പെടുത്തി പണം തട്ടിയത്.
ആഭരണങ്ങൾ പണയപ്പെടുത്തിയ ഇരിക്കൂർ സ്വദേശി വിഷ്ണു (31), സുൽത്താൻ ബത്തേരി സ്വദേശി ടി.ആർ. രാഹുൽ (39) എന്നിവരെ വീണ്ടും മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയപ്പോൾ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയിരുന്നു. വ്യാജ ആഭരണങ്ങൾ നിർമിച്ചുനൽകിയ കോതമംഗലം സ്വദേശി ഷിനോജ് (42), ആഭരണങ്ങൾ നിർമിക്കാൻ ഷിനോജിനെ ചുമതലപ്പെടുത്തിയ ഇടുക്കി സ്വദേശികളായ അർഷാൽ ഇസ്മായിൽ (32), ലിബിൻ സേവ്യർ (34) എന്നിവർ തുടരന്വേഷണത്തിലും പിടിയിലായി.
ആഭരണങ്ങൾ പണയപ്പെടുത്താൻ വിഷ്ണുവിനും രാഹുലിനും കൈമാറിയത് അൽത്താഫാണ്. തട്ടിപ്പ് പുറത്തായതിനെ തുടർന്ന് മുങ്ങിയ ഇയാൾ ബംഗളൂരുവിലെ മൊബൈൽ ഷോപ്പിൽ ജോലിയെടുക്കുകയായിരുന്നു.
പാലാരിവട്ടം പൊലീസ് ഇൻസ്പെക്ടർ മഞ്ജിത് ലാലിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ ജഗീഷ് ആർ, പ്രദീഷ് പി.പി, അസി. സബ് ഇൻസ്പെക്ടർ അബിൻ ഗംഗ, സി.പി.ഒമാരായ അഖിൽ പത്മൻ, ബിബിൻ മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

