കൽപറ്റയിൽ 10 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിൽ
text_fieldsഅനിൽ കുമാർ
കൽപറ്റ: വിൽപനക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കൽപറ്റ ടൗണിൽനിന്ന് ഒരാളെ പിടികൂടി. മേപ്പാടി കള്ളാടി നെല്ലിപ്പറമ്പിൽ വീട്ടിൽ അനിൽ കുമാർ എന്ന അനീസിനെയാണ് (50) ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് വ്യാഴാഴ്ച പുലർച്ചയോടെ പിടികൂടിയത്.
ഇയാളുടെ പേരിൽ ജില്ലയിലും പുറത്തുമായി നിരവധി മോഷണക്കേസുകളുണ്ട്. ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. പുതിയ സ്റ്റാൻഡിന് സമീപം ട്രോളി ബാഗുമായി സംശയാസ്പദമായി കണ്ട ഇയാളെ ഡാൻസാഫ് എസ്.ഐ എൻ.വി. ഹരീഷ് കുമാറിന്റെയും കൽപറ്റ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. സജി ഷിനോബിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് 9.58 കിലോ കഞ്ചാവ് കണ്ടെടുത്തത്.
ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം നടത്തിവരുകയാണെന്നും ലഹരി ഉപയോഗം, വിൽപന എന്നിവ തടയുന്നതിനാവശ്യമായ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.

