മോഷണത്തിനായെത്തിയയാൾ കിടപ്പിലായ 87 കാരിയെ ബലാത്സംഗം ചെയ്തു; പിടിയിലായത് സമീപവാസി
text_fieldsന്യൂഡൽഹി: കിടപ്പിലായ 87 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തുകയും ഗൃഹനാഥയെ ഉപദവിക്കുകയും ചെയ്തതിന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
വയോധികയുടെ മകൾ ഞായറാഴ്ച പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്യുന്ന ആളാണെന്ന് പറഞ്ഞാണ് പ്രതി തിലക് നഗറിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. യുവാവിന്റെ പ്രവൃത്തികളിൽ സംശയം തോന്നിയ ഗൃഹനാഥ ശബ്ദമുയർത്താൽ തുടങ്ങിയപ്പോഴാണ് വയോധികയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതി വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും സമീപ പ്രദേശങ്ങളിൽ തൂപ്പുകാരനായി ജോലി ചെയ്തിരുന്നയാളാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു.
ബലാത്സംഗത്തെക്കുറിച്ച് പരാതി നൽകിയെങ്കിലും പോലീസ് ഗൗരവമായി പരിഗണിച്ചില്ലെന്നും നടപടിക്രമങ്ങൾ വൈകിപ്പിച്ചെന്നും ആരോപിച്ച് വയോധികയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഞായാഴ്ച നൽകിയ പരാതിയിൽ മോഷണം നടന്നതിനെക്കുറിച്ച് മാത്രമാണ് പരാമർശിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് ആവശ്യമായ കൗൺസിലിംഗും എല്ലാ സഹായവും നൽകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.