എൻജിനീയറിങ് ബിരുദധാരി, പഠനം കഴിഞ്ഞ് ലഹരി കച്ചവടത്തിലേക്ക്; എം.ഡി.എം.എ കേസിൽ ഒമാനിലെ ഏജന്റ് അറസ്റ്റിൽ
text_fieldsകൊല്ലം: നഗരത്തിൽ 75 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ. കൊല്ലം, മാങ്ങാട്,ശശി മന്ദിരം വീട്ടിൽ ഹരിത(27)യാണ് കൊല്ലം വെസ്റ്റ് പൊലിസിന്റെ പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഒമാനിൽ തങ്ങി എം.ഡി.എം.എ കച്ചവടത്തിന്റെ മുഖ്യ ഏജൻറ് ആയി പ്രവർത്തിക്കുകയായിരുന്നു ഹരിത.
കഴിഞ്ഞമാസം 24നാണ് വിപണിയിൽ അഞ്ച് ലക്ഷംരൂപ വിലവരുന്ന 75 ഗ്രാം എം.ഡി.എം.എ യുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരനെ കൊല്ലം സിറ്റി ഡാൻസാഫും കൊല്ലം വെസ്റ്റ് പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തത്. അഖിലിനെ ചോദ്യം ചെയ്തതിൽ കൊല്ലം നഗരത്തിലെ എം.ഡി.എം.എ വിതരണത്തിന്റെ മുഖ്യശൃംഖല ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിയ സിറ്റി പൊലിസ് കമീഷണർ കിരൺ നാരായണൻ, കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു രൂപംനൽകുകയായിരുന്നു. കല്ലുന്താഴം സ്വദേശി അവിനാഷിനെ അന്ന് വൈകിട്ട് തന്നെ പിടികൂടി.
അഖിലിനെ പിടികൂടിയതറിഞ്ഞ് ഒളിവിൽപോയ രണ്ടാമത്തെ വിതരണക്കാരായ കൊല്ലം അമ്മച്ചിവീട് സ്വദേശി ശരത്തിനെ 12 ഗ്രാം എം.ഡി.എം.എ യുമായി കൊല്ലം സിറ്റി ഡാൻസാഫ് ടീമും കൊട്ടിയം പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യംചെയ്തതിൽ നിന്നാണ് ഹരിതയിലേക്ക് എത്തുന്നത്. എൻജിനീയറിങ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കൾ ഒമാനിലാണ്. അമ്മൂമ്മ കനകമ്മയോടൊപ്പമായിരുന്നു മങ്ങാട് താമസം. രണ്ടാം പ്രതി അവിനാഷും ഹരിതയും കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്.
പഠനം കഴിഞ്ഞശേഷം ലഹരി കച്ചവടത്തിനിറങ്ങിയ ഹരിത മുഖ്യ ഏജൻറായി പ്രവർത്തിച്ചുവരികയായിരുന്നു. 2024 ഡിസംബറിൽ രണ്ടുഗ്രാം എം.ഡി.എം.എ യുമായി ഹരിതയെയും മൂന്ന് യുവാക്കളെയും എറണാകുളത്ത് ലോഡ്ജിൽ നിന്ന് എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 ജനുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒമാനിൽ മാതാപിതാക്കളുടെ അടുത്തേക്ക് പോയി അവിടെയിരുന്ന് കച്ചവടത്തിന്റെ ഏജൻറ് ആയി പ്രവർത്തിക്കുകയായിരുന്നു.
അമ്മൂമ്മ കനകമ്മയുടെ അക്കൗണ്ട് ആണ് ഹരിത ഉപയോഗിച്ചിരുന്നത്. അവിനാശും ശരത്തും പൈസ കനകമ്മയുടെ അക്കൗണ്ടിൽ അയച്ച് കൊടുക്കുകയും ഈ പണം ഹരിത ബംഗളുരുവിലെ മൊത്ത വിതരണക്കാരന് അയച്ചുനൽകുകയും അവിടെനിന്നും അഖിൽ ശശിധരനെ ഉപയോഗിച്ച് കൊല്ലത്ത് എത്തിക്കുകയുമാണ് ചെയ്തിരുന്നത്. ഹരിതയുടെ മൊബൈൽ പരിശോധിച്ചതിൽ ലഹരി കച്ചവടം നടത്തിയ നിരവധി വിവരങ്ങൾ പൊലിസ് കണ്ടെടുത്തു.
ജയിലിലായ അവിനാശിനെയും ശരത്തിനെയും ജാമ്യത്തിൽ ഇറക്കാൻ ഹരിത നാട്ടിലെത്തുമെന്ന് മനസിലാക്കിയ പൊലിസ് ഹരിതയെ അന്വേഷിച്ചതേയില്ല. കണക്കുകൂട്ടൽ പോലെ നാട്ടിലെത്തിയ ഹരിതയെ ജില്ല ജയിലിന് സമീപംവെച്ച് ഇൻസ്പെക്ടർ ആർ. ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്യുകയായിരുന്നു. എസ്.ഐ അൻസറുദീൻ,സി.പി.ഒമാരായ ശ്രീലാൽ, ദീപു ദാസ്, സലിം, ആശാ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വരുംദിവസങ്ങളിൽ ഈ കേസിൽ കൂടുതൽ അറസ്റ്റ് നടക്കുമെന്നും പൊലിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

