വയോധികയുടെ മാല മോഷ്ടിച്ചു
text_fieldsതിരുവല്ല: ഓതറ തൈമറവുങ്കരയിൽ 72കാരിയുടെ രണ്ടു പവൻ സ്വർണമാല കവർന്നു. വെള്ളിയാഴ്ച പുലർച്ച നാലോടെയായിരുന്നു സംഭവം. അർബുദ ബാധിതകൂടിയായ തൈമറവുങ്കര തുണ്ടി ഉഴത്തിൽ വീട്ടിൽ ശാന്തമ്മയുടെ മാലയാണ് കവർന്നത്. ശാന്തമ്മയുടെ മരുമകൾ പുഷ്പ പുലർച്ച നാലിന് വീടിന്റെ പിൻവശത്തെ വാതിൽ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഈ തക്കം നോക്കി മുറിക്കുള്ളിൽ കടന്ന മോഷ്ടാവ് അലമാരയുടെ താഴെ ഡപ്പിയിൽ സൂക്ഷിച്ചിരുന്ന മാല കവരുകയായിരുന്നു. മുറിക്കുള്ളിൽ അനക്കം കേട്ട് പുഷ്പ വീടിന് ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ ശാന്തമ്മയുടെ മുറിയുടെ വാതിലിന് സമീപം നിൽക്കുകയായിരുന്ന മോഷ്ടാവ് പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് പുഷ്പയെ അടിച്ച ശേഷം പിൻ വാതിലിലൂടെ കടന്നുകളഞ്ഞു. സംഭവം സംബന്ധിച്ച് ശാന്തമ്മ തിരുവല്ല പൊലീസിൽ പരാതി നൽകി.

