കഞ്ചാവുമായി വയോധികൻ പിടിയിൽ
text_fieldsതിരൂർ: രണ്ടുകിലോയിലേറെ കഞ്ചാവുമായി വയോധികൻ പിടിയിൽ. ചെറിയമുണ്ടം വില്ലേജിൽ വാണിയന്നൂർ കുന്നത്ത് പറമ്പിൽ വീട്ടിൽ അയമുവിനെയാണ് (69) 2.100 കിലോ കഞ്ചാവുമായി തിരൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഓഫിസിലെ സർക്കിൾ ഇൻസ്പെക്ടർ പി. ജിജു ജോസിന്‍റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ്ങിനിടെയാണ് ഇയാൾ പിടിയിലായത്.
മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശത്തെ തുടർന്ന് ഇരിങ്ങാവൂർ ഭാഗങ്ങളിൽ മുൻകാലങ്ങളിൽ മയക്കുമരുന്ന് കേസുകളിൽപെട്ട പ്രതികളെ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി ഒരാഴ്ചത്തോളമായി ഇരിങ്ങാവൂർ, മീശപ്പടി ഭാഗത്ത് രാത്രികാല പട്രോളിങ് നടത്തിയിരുന്നു.
ഇതിനിടെയാണ് ഇരിങ്ങാവൂർ എം.കെ.എച്ച് ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്. ഒരാഴ്ചയോളമായി ഓഫിസിലെ ജീവനക്കാരെ രണ്ട് സംഘമായി ഇരിങ്ങാവൂർ ഭാഗങ്ങളിൽ നിയോഗിച്ച് കുറ്റകൃത്യം നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് ആവശ്യക്കാരെന്ന നിലയിൽ വിളിച്ചുവരുത്തി കഞ്ചാവുമായി പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ടെടുത്ത കഞ്ചാവിന് പ്രാദേശിക വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരും. കഞ്ചാവിന്‍റെ ഉറവിടെത്തെക്കുറിച്ചും കഞ്ചാവ് എത്തിച്ച് കൊടുത്തവരെക്കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി വരുംദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.
പ്രതിയെയും കഞ്ചാവും തുടർനടപടിക്കായി തിരൂർ എക്സൈസ് റേഞ്ച് ഓഫിസിൽ കൈമാറി. എക്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്പെകടർ പി. ജിജു ജോസ്, പ്രിവന്‍റിവ് ഓഫിസർ സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. രാകേഷ്, ധനേഷ്, കെ. മുഹമ്മദ് അലി, ഡ്രൈവർ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.