ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ
text_fieldsകൃഷ്ണൻകുട്ടി
അടൂർ: ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ. വള്ളിക്കോട് കുടമുക്ക് മാമൂട് ചാരുവിളയിൽ ശ്രീജിത്ത് ഭവനത്തിൽ കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് വിദ്യാർഥിനിയെ ഇയാൾ അപമാനിച്ചത്. അന്വേഷണത്തിനെടുവിൽ ഞായറാഴ്ചയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകാൻ അടൂർ ടൗണിൽനിന്ന് ബസ് കയറുന്നതിനിടെ അതേ ബസിൽ വന്നിറങ്ങിയ ഇയാൾ വിദ്യാർഥിനിയെ തിരക്കിനിടയിൽ കടന്നുപിടിച്ചു. ഭയന്ന കുട്ടി അമ്മയോട് കാര്യം പറഞ്ഞപ്പോഴേക്കും ബസ്, സ്റ്റാൻഡ് വിട്ടിരുന്നു. ആ സമയംകൊണ്ട് ഇയാൾ കടന്നുകളഞ്ഞിരുന്നു. തുടർന്ന് ബസ് നിർത്തി ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡിനോട് വിവരം പറഞ്ഞു.
വിവിധ സ്ഥാപനങ്ങളുടെ സി.സി ടി.വി പരിശോധിച്ചതിൽനിന്ന് വിദ്യാർഥിനിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ കിട്ടി. ഇയാൾ സ്വകാര്യ സ്റ്റാൻഡിൽനിന്ന് ബസ് കയറി പോകുന്നതായി തിരിച്ചറിഞ്ഞു. അടൂർ മുതൽ പത്തനംതിട്ട വരെ അന്വേഷണം വ്യാപിപ്പിക്കുകയും തുടർന്ന് തോലുഴം ഭാഗത്തുനിന്ന് തിരിച്ചറിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടൂർ ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐ മനീഷ്, സി.പി.ഒ അൻസാജു, അനുരാഗ് മുരളീധരൻ, രതീഷ് ചന്ദ്രൻ, സനൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.