സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsമുഹമ്മദ് ഷാഫി
കൽപറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടിൽ കൊട്ടാരം വീട്ടിൽ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫിയെയാണ് (38) കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മുമ്പ് കാപ്പ ചുമത്തി ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഷാഫി വീണ്ടും കുറ്റകൃത്യത്തിലുൾപ്പെട്ടതിനെ തുടർന്നാണ് നടപടി.
കോടതിയിൽ ഹാജരാക്കിയ ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കവർച്ച, മോഷണം, ദേഹോപദ്രവം, ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.

