മുക്കുപണ്ടമാണെന്ന് അറിയാതെ കാൽനടയാത്രികയുടെ മാല കവർന്നു: രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്
text_fieldsആലുവ: മുക്കുപണ്ടമാണെന്നറിയാതെ പട്ടാപ്പകൽ സാഹസികമായി മാല പൊട്ടിക്കൽ നടത്തിയ സംഘം ഇളിഭ്യരായി. നഗരമധ്യത്തിലാണ് സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം കാൽനട യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. മാല മോഷ്ടാവിന്റെ കൈവശം കിട്ടിയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡിൽ വീണു. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ ആലുവ ബാങ്ക് കവലയിൽ ഗ്രാന്റ് ഹോട്ടലിന് സമീപമാണ് സംഭവം. ആലുവ നസ്രത്ത് സ്വദേശിനിയായ സ്ത്രീയും മകളും ബാങ്ക് കവലയിലേക്ക് നടക്കുകയായിരുന്നു. ഇതിനിടയിലാണ് പിന്നാലെ വന്നയാൾ മാലപൊട്ടിച്ചത്. 15 മീറ്റർ മുന്നിൽ സ്റ്റാർട്ട് ആക്കി നിർത്തിയ ഡിയോ സ്കൂട്ടറിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഇതിനിടയിലാണ് മാല റോഡിൽ വീണത്. സ്കൂട്ടറിന്റെ മുന്നിലും പിന്നിലും നമ്പർ പ്ലേറ്റുകൾ മറച്ചിരുന്നു. മോഷ്ടാക്കൾ രണ്ട് പേരും ഹെൽമറ്റും ധരിച്ചിരുന്നു. ആലുവ സി.ഐ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിൽ സമീപത്തെ സ്ഥാപനങ്ങളിൽനിന്നും സി.സി ടി.വി ദൃശ്യം ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കളെ സംബന്ധിച്ച് സൂചന ലഭിച്ചതായാണ് വിവരം.

