ഒഡിഷയിൽ സഹോദരനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
text_fieldsഭുവനേശ്വർ: ഒഡിഷയിൽ സഹോദരനും സുഹൃത്തുക്കളും ചേർന്ന് 25കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കണ്ഡമൽ ജില്ലയിലെ ചകപാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയുടെ സഹോദരനെയും നാല് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
സഹോദരന് ഭാര്യാ സഹോദരിയുമായുള്ള രഹസ്യബന്ധം യുവതി മനസിലാക്കുകയും അത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും അവസാനിപ്പിച്ചില്ലെങ്കിൽ മറ്റുള്ളവരെ അറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
സിയാലിയുടെ ഇല പൊറുക്കാനായി കാട്ടിലേക്ക് പോയ സമയത്താണ് സഹോദരനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. തടയാൻ ശ്രമിച്ച യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കൊടാലികൊണ്ട് ആക്രമിക്കുകയായിരുന്നു.
യുവതിയെ കാണാനില്ലെന്ന് ഡിസംബർ 6ന് സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഡിസംബർ 7ന് യുവതിയുടെ അഴുകിയ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ നിന്ന് യുവതിയെ ഒന്നിലധികം വ്യക്തികൾ ബലാത്സംഗം ചെയ്തു എന്നത് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.

