കുപ്രസിദ്ധ മോഷ്ടാവ് സൈദലി പിടിയില്‍
text_fieldsസൈദലി
കൊല്ലം: നഗരത്തിൽ പട്ടാപ്പകൽ തുറന്നിരുന്ന മൊബൈല്‍ കടയില്‍ ആളില്ലാത്ത സമയം നോക്കി കടന്നുകയറി പണം മോഷ്ടിച്ചതുൾപ്പെടെ നിരവധി മോഷണങ്ങൾ നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി. നിരവധി മോഷണ കേസുകളിൽ പ്രതിയായ നെടുമ്പന കുടപ്പാടത്ത് പറവിളവീട്ടില്‍ സെയ്ദലി(20) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ നിരവധി മോഷണക്കേസില്‍ പല പ്രാവശ്യം ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ്.
കഴിഞ്ഞമാസം ജയില്‍ മോചിതനായി ഇറങ്ങിയശേഷം കൊട്ടിയം പൊലീസ് സ്റ്റേഷന് പരിധിയില്‍ മെഡിസിറ്റി ആശുപത്രിയില്‍നിന്ന് ബൈക്ക് മോഷണം നടത്തുകയും പിന്നീട് ആ വാഹനത്തില്‍ സഞ്ചരിച്ച് പകല്‍സമയം തുറന്നുകിടക്കുന്ന കടകളില്‍കയറി പണം മോഷ്ടിക്കുന്നത് പതിവാക്കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ മൊബൈല്‍ കടയില്‍ കയറി പണം മോഷ്ടിച്ചു. എറണാകുളം കളമശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് സൂപ്പര്‍ ബൈക്ക് മോഷ്ടിക്കുകയും ആ വാഹനം കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് അപകടം ഉണ്ടാക്കിയശേഷം വാഹനം ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്തു.
കായംകുളം പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ചു കടന്ന ഇയാൾ കുണ്ടറ ചന്ദനത്തോപ്പില്‍ നിന്ന് സമാന രീതിയില്‍ ഒരു കടയില്‍ നിന്ന് പണം മോഷ്ടിക്കുകയും ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് ഡ്യൂക്കിന്റെ സൂപ്പര്‍ ബൈക്കും മോഷ്ടിച്ചു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ വീണ്ടും മോഷണത്തിന് ശ്രമിക്കവേ ആണ് പ്രതി പിടിയിലായത്. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സബ്ഇന്‍സ്പെക്ടര്‍ വിപിന്‍, എ.എസ്.ഐ സതീഷ്കുമാര്‍, സി.പി.ഒമാരായ അജയകുമാര്‍,ഷൈജു എന്നിവരാണ് പ്രതിയെ സാഹസികമായി കീഴടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

