മരിയാർ പൂതം: കൊച്ചിക്കാരുടെ പേടി സ്വപ്നം
text_fieldsമരിയാർ പൂതം
കൊച്ചി: 'മരിയാർ പൂതം' എന്ന പേര് കൊച്ചിക്കാർക്ക് പ്രത്യേകിച്ച് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവർക്ക് എന്നും ഭീതിയോടെ ഓർക്കാനാവൂ. ഇരുനൂറിലധികം മോഷണക്കേസുകളിലെ പ്രതിയായ മരിയാർപൂതം എന്ന മരിയ അർപുതം ജോൺസൻ (57) പിടിയിലായ വാർത്ത കൊച്ചിക്കാർക്ക് ആശ്വാസമാണ്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകൾ കൊള്ളയടിക്കുകയാണ് ഇയാളുടെ രീതി. അതിന് പിന്നിലൊരു കാരണമുണ്ടെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. അഞ്ച് വർഷം മുമ്പ് മോഷണ ശ്രമത്തിനിടെ മരിയാർ പൂതത്തെ നാട്ടുകാർ പിടികൂടി നോർത്ത് പൊലീസിന് കൈമാറിയിരുന്നു. അന്ന് കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസുകാരോട് ഇത് നിങ്ങൾക്ക് വലിയ പ്രശ്നമായി മാറുമെന്നായിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്. പൊലീസ് അതിന് അന്ന് വലിയ വിലയൊന്നും കൊടുത്തിരുന്നില്ല. എന്നാൽ, കാലം മാറിയപ്പോൾ മരിയാർ പൂതത്തിന്റെ കളി മാറി. അന്നത്തെ മോഷണക്കേസിൽ രണ്ട് വർഷം ശിക്ഷ കഴിഞ്ഞ് പൂതം പുറത്തിറങ്ങിയത് പക വീട്ടാനായിരുന്നു.
നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകൾ തിരഞ്ഞ് പിടിച്ച് മോഷണം തുടങ്ങി. മോഷണം പതിവായതോടെ ജനങ്ങളും പൊലീസും പൊറുതിമുട്ടി. മോഷണത്തിലും ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്ന മരിയാർ പൂതത്തെ അങ്ങനെ വേഗമൊന്നും പൊലീസിന് പിടിക്കാനായില്ല. 2018ലാണ് അവസാനമായി ഇയാളെ നോർത്ത് പൊലീസ് പിടികൂടിയത്. 2008, 2012, 2017 വർഷങ്ങളിലും പിടിയിലായിരുന്നു. 2008-ൽ മൂന്നരവർഷത്തെ ജയിൽവാസത്തിനുശേഷം 2011 നവംബറിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു മോഷണം കൂടുതലും. ആളില്ലാത്ത വീടുകളുടെ മുകളിൽ കിടന്നുറങ്ങി പാതിരാത്രി മോഷണം നടത്തുകയാണ് പതിവ്. മോഷണം കഴിഞ്ഞാൽ ട്രെയിനിൽ കയറി നാട് വിടും. തമിഴ്നാട്ടിലെ കുളച്ചലാണ് തട്ടകം. വെള്ളി, ശനി, ഞായർ ദിവസങ്ങൾ, തുടർച്ചയായി വരുന്ന മറ്റ് അവധി ദിവസങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം. മതിലുകൾ ചാടിക്കയറാനും മതിലുകളിലൂടെ രണ്ട് വിരൽ വെച്ച് വേഗത്തിൽ ഓടാനും പ്രത്യേക കഴിവുണ്ടെന്ന് പൊലീസ് പറയുന്നു. കമ്പിപ്പാരയും വെട്ടുകത്തിയുമടക്കമുള്ള ആയുധങ്ങളുമായാണ് മോഷണത്തിനിറങ്ങുന്നത്. ഏഴാംവയസ്സിലാണ് കുളച്ചലിൽനിന്ന് കൊച്ചിയിലെത്തിയത്. ആക്രിപെറുക്കലായിരുന്നു തുടക്കം. പിന്നെയാണ് മോഷണത്തിലേക്ക് കടന്നത്.
കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം വീണ്ടും പിടിയിൽ
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം ഒരിടവേളക്കുശേഷം വീണ്ടും പൊലീസ് പിടിയിൽ. മോഷണ ശ്രമത്തിനിടെ തിങ്കളാഴ്ച പുലർച്ച രണ്ടരയോടെയാണ് മരിയാർ പൂതം എന്ന കുളച്ചൽ പോണംകാട് വെസ്റ്റ് നെയ്യൂർ വാരുവിളയിൽ മരിയാർ പൂതം ജോൺസനെ (56) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കലൂർ കതൃക്കടവ് ഈസ്റ്റ് കട്ടാക്കര റോഡിൽ മോഷണശ്രമത്തിനിടെ ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നെടുങ്ങോരപ്പറമ്പ് ദിനേശന്റെ വീട്ടിൽ മരിയാർ പൂതം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. ദിനേശന്റെ വീടിന് മുകളിൽ വാടകക്ക് താമസിക്കുന്ന ഈറോഡ് സ്വദേശി കന്തസ്വാമിയുടെ മുറിയിൽ കയറിയ ഇയാൾ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടു.
ഇത് നിരസിച്ചതോടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് കന്തസ്വാമിയുടെ നെറ്റിയിൽ വെട്ടി. എന്നാൽ, കന്ദസ്വാമി മരിയാർ പൂതത്തെ കയറിപ്പിടിച്ച് ബഹളം കൂട്ടി. ഓടിവന്ന അയൽക്കാർ മരിയാർ പൂതത്തെ പിടികൂടി കെട്ടിയിട്ടശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. കലൂർ ഇഗ്നോ ഓഫിസിൽ കമ്പ്യൂട്ടർ എൻജിനീയറായ കന്ദസ്വാമിയുടെ നെറ്റിയിൽ മൂന്ന് തുന്നലുണ്ട്. വധശ്രമത്തിനും കവർച്ചക്കും മരിയാർ പൂതത്തിന്റെ പേരിൽ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രണ്ട് മാസമായി പരിസര പ്രദേശങ്ങളിൽ മോഷ്ടാവിന്റെ ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സ്ക്വാഡ് രൂപവത്കരിച്ച് ഇയാളെ പിടികൂടാൻ നാട്ടുകാർ സംഘടിച്ചിരുന്നു.
2018ലാണ് അവസാനമായി ഇയാളെ നോർത്ത് പൊലീസ് പിടികൂടിയത്. 2020ൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പൊലീസ് ഇയാളുടെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് നൽകി. 2008, 2012, 2017 വർഷങ്ങളിലും ഇയാൾ പിടിയിലായിട്ടുണ്ട്. 2008-ൽ മൂന്നരവർഷത്തെ ജയിൽവാസത്തിനുശേഷം 2011 നവംബറിൽ പുറത്തിറങ്ങിയ മരിയാർപൂതം വീണ്ടും മോഷണത്തിനിറങ്ങി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മാത്രമാണ് മരിയാർ പൂതം മോഷണം നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

