കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
text_fieldsരാമപുരം: കേരളത്തിലുടനീളം 30 ഓളം മോഷണക്കേസിൽ പ്രതിയായ യുവാവ് മാല മോഷണക്കേസിൽ അറസ്റ്റിൽ. രാമപുരം ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു പ്രശാന്താണ് (30) രാമപുരത്ത് അറസ്റ്റിലായത്.ഇയാൾ കഴിഞ്ഞ മാസം 22ന് രാമപുരം കുടപ്പുലം ഭാഗത്തുവെച്ച് രാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
ഒറ്റപ്പാലത്തുനിന്നാണ് ഇയാളെ പിടികൂടുന്നത്. പാലാ, വിയ്യൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടിക്കേസും മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെർപ്പുളശ്ശേരി സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളും നിലവിലുണ്ട്. ബൈക്കിൽ കറങ്ങി വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്നതാണ് രീതി.
അന്വേഷണ സംഘത്തിൽ പാലാ ഡിവൈ.എസ്.പി എ.ജെ. തോമസ്, രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഒ എം.എസ്. ജിഷ്ണു, എസ്.ഐ പി.വി. മനോജ്, സി.പി.ഒമാരായ ജോബി ജോസഫ്, സി. രഞ്ജിത്ത്, ജോഷി മാത്യു എന്നിവർ സംബന്ധിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

