ഗുണ്ടാപ്പിരിവ് നൽകിയില്ല; മെഡിക്കൽ ഷോപ്പിന് തീയിട്ടു, ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ
text_fieldsമുംബൈ: കാന്തിവാലി ഈസ്റ്റിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരെ വധിക്കാൻ ശ്രമിക്കുകയും കടക്ക് തീയിടുകയും ചെയ്ത സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. ലോഖണ്ഡ്‌വാലയിലെ കടയിൽ കയറി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട ബാല മാച്ചിന്ദ്ര പാട്ടീൽ എന്നയാളെയാണ് സാമ്ത നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. കടയിലെ ജീവനക്കാരനായ പവൻ യാദവിനോട് പ്രതി മാസാമാസം നിശ്ചിത തുക ഗുണ്ടാപ്പിരിവായി ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ പാട്ടീൽ കടയ്ക്ക് തീയിടുകയായിരുന്നു. തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജീവനക്കാരെ ആക്രമിച്ചു.
പ്രതിയുടെ കുത്തേറ്റ ജഗന്നാഥ് ചൗധരി എന്ന ജീവനക്കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പവൻ യാദവിന്റെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ ഷോപ്പിന് പുറമെ സമീപത്തെ ഒരു മൊബൈൽ ഷോപ്പും പ്രതി അടിച്ചുതകർത്തതായി പോലീസ് പറഞ്ഞു.
പിടിയിലായ ബാല പാട്ടീൽ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2011നും 2021നും ഇടയിലായി പത്തോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. 2021ൽ രണ്ട് വർഷത്തെ തടവുശിക്ഷയും ഇയാൾ അനുഭവിച്ചിട്ടുണ്ട്. പവൻ യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

