കുപ്രസിദ്ധ ചമ്പൽ കൊള്ളക്കാരൻ ജഗൻ ഗുർജർ ദുരൂഹ സാഹചര്യത്തിൽ ജയിലിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
text_fieldsജയ്പൂർ: രാജസ്ഥാനിലെ അജ്മീറിലുളള അതിവസുരക്ഷാ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ചമ്പൽ മേഖലയിലെ കുപ്രസിദ്ധ കൊള്ളക്കാരൻ ജഗൻ ഗുർജർ തിങ്കളാഴ്ച ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജയിൽ അധികൃതർ നൽകിയ വിവരമനുസരിച്ച്, രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ സുരക്ഷാ നടപടികളുടെ ഭാഗമായി തടവുകാർ ഓരോരുത്തരും തങ്ങളുടെ സെല്ലുകളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് സെല്ലുകൾ തുറന്ന് പതിവ് പരിശോധന നടത്തുന്നതിനിടെയാണ് ജഗൻ ഗുർജറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് അദ്ദേഹത്തോടൊപ്പം സെല്ലിൽ മറ്റൊരു തടവുകാരനും ഉണ്ടായിരുന്നു. ഭാരത്പൂരിലെ ഒരു കൊലപാതക കേസിലെ പ്രതിയായ ഇയാളെ പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഫോറൻസിക് സംഘം സെല്ല് പരിശോധിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്ന് അധികൃതർ അറിയിച്ചു.
രാജസ്ഥാനിലെ ധോൽപൂർ ഡാങ് മേഖലയെയും ചമ്പൽ താഴ്വരയെയും കേന്ദ്രീകരിച്ച് വർഷങ്ങളോളം ക്രിമിനൽ പ്രവർത്തനം നടത്തിയ കൊള്ളക്കാരനായിരുന്നു ജഗൻ ഗുർജർ. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, കവർച്ച, ആയുധ കവർച്ച, തട്ടിക്കൊണ്ടുപോകൽ, പിരിവ്, ആയുധനിയമ ലംഘനം തുടങ്ങി നൂറിലധികം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു.
2008-ലെ ഗുർജർ സംവരണ സമരത്തിനിടെയാണ് ജഗൻ ദേശീയ ശ്രദ്ധ നേടിയത്. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ധോൽപൂർ കൊട്ടാരം സ്ഫോടനത്തിലൂടെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം അന്ന് വലിയ വിവാദമായിരുന്നു. ഒരുകാലത്ത് ചമ്പൽ മേഖലയിലെ ഏറ്റവും കൂടുതൽ തെരച്ചിൽ നടന്ന കൊള്ളക്കാരിൽ ഒരാളായിരുന്നു ജഗൻ ഗുർജർ.
ഇയാളെ പിടികൂടാൻ പൊലിസ് ₹11 ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം 2018 ഓഗസ്റ്റിൽ ഭരത്പൂർ റേഞ്ചിലെ അന്നത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലിസായ മാലിനി അഗർവാളിന് മുന്നിൽ ബയാനയിൽ വെച്ചാണ് ജഗൻ കീഴടങ്ങിയത്. തുടർന്ന് വിവിധ കേസുകളിൽ വിചാരണ നേരിട്ടിരുന്ന ഇയാൾ അജ്മീർ അതിസുരക്ഷാ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്.
ജയിൽ പോലുള്ള അതിസുരക്ഷാ സംവിധാനത്തിനുള്ളിൽ തന്നെ ഒരു കുപ്രസിദ്ധ തടവുകാരൻ മരിച്ച സംഭവം രാജസ്ഥാനിൽ വലിയ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. കൊലപാതകമാണോ, അതോ മറ്റേതെങ്കിലും കാരണമാണോ മരണത്തിന് പിന്നിലെന്നത് ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് പൊലിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

