എ.ടി.എമ്മിൽ കൃത്രിമം കാണിച്ച് പണം തട്ടുന്ന ഉത്തരേന്ത്യൻ സംഘം പിടിയിൽ
text_fieldsമണ്ണാർക്കാട് (പാലക്കാട്): എ.ടി.എം യന്ത്രത്തിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുക്കുന്ന മൂന്നംഗ സംഘം മണ്ണാർക്കാട്ട് പിടിയിൽ. ഉത്തർപ്രദേശിലെ കാൺപുർ നഗർ പുരാണി ബസ്തി സ്വദേശി പ്രമോദ് കുമാർ (30), സരസുൽ സ്വദേശി സന്ദീപ് (28), മഹാരാജ് പുർ സ്വദേശി ദിനേശ് കുമാർ (33) എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശിലെ സുഹൃത്തുക്കൾക്ക് കാശ് കൊടുത്ത് അവരുടെ എ.ടി.എം കാർഡുകൾ സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. എ.ടി.എം സെന്ററുകളിൽ എത്തി കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ പണം പുറത്തുവരുന്ന സമയം എടുത്ത് സ്ലോട്ടുകളിൽ അമർത്തി പിടിക്കും. ഇതോടെ പ്രതികൾക്ക് പണം ലഭിക്കുമെങ്കിലും ട്രാൻസാക്ഷൻ ഫെയിൽഡ് എന്ന് കാണിക്കും. തുടർന്ന് ബാങ്കുകളിൽ പോയി പണം ലഭിച്ചില്ലെന്ന് പരാതി നൽകും. ട്രാൻസാക്ഷൻ ഫെയിൽ കാണുന്നതോടെ കാർഡുടമയുടെ അക്കൗണ്ടിലേക്ക് ബാങ്കിൽനിന്ന് പണം തിരിച്ചുനൽകും.
സ്വകാര്യ കമ്പനികളുടെ ഫ്രാഞ്ചൈസി എ.ടി.എമ്മുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ബാങ്കുകൾക്ക് പണം നഷ്ടമാകില്ലെങ്കിലും ഫ്രാഞ്ചൈസികൾക്ക് പണം നഷ്ടപ്പെടും. മണ്ണാർക്കാട് കോടതിപ്പടിയിലെ ഹിറ്റാച്ചി കമ്പനിയുടെ എ.ടി.എമ്മിലെ സെക്യൂരിറ്റിക്കാരൻ പണം പിൻവലിക്കാൻ വന്ന പ്രതികളിൽ സംശയം തോന്നി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.