പരാതിയില്ല; ഇടുക്കിയിലെ തട്ടിപ്പ് അന്വേഷിക്കാനാകാതെ പൊലീസ്
text_fieldsഅടിമാലി: പുരാവസ്തു വിൽപനയുടെ മറവിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോന്സൺ മാവുങ്കല്‍ ഇടുക്കി രാജകുമാരി മേഖലയില്‍ വ്യാപക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെങ്കിലും അന്വേഷണം നടത്താനാകാതെ പൊലീസ്. ആരും രേഖാമൂലം പരാതി നല്‍കാത്തതാണ് കാരണം.
പരാതി കിട്ടിയാൽ അന്വേഷണം നടത്തുമെന്ന് മൂന്നാര്‍ ഡിവൈ.എസ്.പി പറഞ്ഞു. 25 വർഷം മുമ്പ് ഇടുക്കി രാജകുമാരി കേന്ദ്രീകരിച്ചാണ് മോൻസൺ തട്ടിപ്പുകൾക്ക് തുടക്കമിട്ടത്. ഇവിടെ 10 വര്‍ഷത്തിലധികം താമസിച്ച മോൻസൺ സെക്കൻഡ്് ഹാൻഡ് ടി.വി, കാർ എന്നിവയുടെ വിൽപനയുടെ മറവിലാണ് പലരിൽനിന്ന് ലക്ഷങ്ങൾ തട്ടിയത്.
മോൻസണിെൻറ തട്ടിപ്പിന് ആദ്യം ഇരയായത് താനാണെന്ന് രാജകുമാരി മാങ്ങാത്തൊട്ടി സ്വദേശി ബിനോയി പറയുന്നു. ഇലക്ട്രീഷനായ ബിനോയിക്ക് സ്വയംതൊഴില്‍ ആരംഭിക്കാൻ മൈക്ക് സെറ്റ് വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞ് 10,000 രൂപ മോന്സൺ വാങ്ങി. പലരില്‍നിന്ന് കടം വാങ്ങിയ തുകയാണ് നല്‍കിയത്. മൈക്ക് സെറ്റും പണവും കിട്ടാതായതോടെ മോന്സൺ ബിനോയിയെയും കൂടെ കൂട്ടി.
നഷ്ടപ്പെട്ട പണം എങ്ങനെയും തിരിച്ചുവാങ്ങാന്‍ ബിനോയി മോന്‍സണിനൊപ്പം ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടു. മോന്സൺ അന്ന് എറണാകുളത്തുനിന്ന് പഴയ ടി.വിയും ഇലക്ട്രോണിക് ഉപകരണങ്ങളും ഹൈറേഞ്ചില്‍ എത്തിച്ച് വിറ്റിരുന്നു. ബസില്‍ രാജകുമാരി ടൗണിലെത്തിക്കുന്ന ടി.വി തലച്ചുമടായി ആവശ്യക്കാരുടെ വീടുകളിലെത്തിക്കുന്ന ജോലി ബിനോയിയുടേതായിരുന്നു. ചില വീടുകളുടെ വയറിങ് ജോലികളും മോന്സൺ കരാറെടുത്തിരുന്നു. മോന്സൺ നല്കിയ ചെറിയ ശമ്പളത്തില്‍ ബിനോയിയാണ് ഈ ജോലികളും ചെയ്തിരുന്നത്. മൈക്ക് സെറ്റിന് നല്കിയ തുകയും ശമ്പളയിനത്തില്‍ ലഭിക്കാനുള്ള വലിയൊരു തുകയും നല്‍കാതെയാണ് മോന്സൺ നാടുവിട്ടതെന്നാണ് ബിനോയി പറയുന്നത്. അതിനുശേഷം ബിനോയി മോന്‍സണിനെ കണ്ടിട്ടില്ല.
ശാന്തന്‍പാറയില്‍ ഉടമസ്ഥാവകാശത്തര്ക്കത്തിലുള്ള 1000 ഏക്കര്‍ ഏലത്തോട്ടം തട്ടിയെടുക്കാന്‍ മോന്സൺ ശ്രമിച്ചെന്ന പരാതിയുമായി തൃശൂര്‍ സ്വദേശി രംഗത്തുവന്നിട്ടുണ്ട്. ഒട്ടേറെ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മോന്‍സണുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈറേഞ്ചിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന.