പീഡന കേസിൽ പ്രതിക്കെതിരെ നടപടിയില്ല, അതിക്രമം ചോദ്യം ചെയ്തയാൾ അറസ്റ്റിൽ; ശക്തികുളങ്ങര പൊലീസിന്‍റെ നടപടി വിവാദത്തിൽ
text_fieldsകൊല്ലം: സ്ത്രീക്കെതിരായ അതിക്രമ കേസിൽ യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാത്ത ശക്തികുളങ്ങര പൊലീസ്, അതിക്രമം ചോദ്യം ചെയ്തയാൾക്കെതിരായ നടപടി സ്വീകരിച്ചത് വിവാദത്തിൽ. അതിക്രമം ചോദ്യം ചെയ്ത കൊല്ലം രാമൻകുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ അനന്തുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ശക്തികുളങ്ങര പൊലീസിനെതിരെ യുവതി മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി.
ശനിയാഴ്ച കൊല്ലം ശക്തികുളങ്ങരയിലാണ് കേസിനാസ്പദമായ സംഭവം. കേരള പ്രവാസി അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ഹരിധരൻ യുവതിയെ കയറി പിടിക്കുകയായിരുന്നു. ബഹളം കേട്ട് ഒാടിയെത്തിയ അനന്തു, ഹരിധരനുമായി വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും ഏർപ്പെടുകയും ചെയ്തു. പിറ്റേദിവസം തന്നെ ഹരിധരനെതിരെ യുവതി ശക്തികുളങ്ങര പൊലീസിൽ പരാതി നൽകി.
എന്നാൽ, പരാതിയിൽ തുടർനടപടി സ്വീകരിക്കാതിരുന്ന പൊലീസ്, ഹരിധരനെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി അനന്തുവിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. അനന്തുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
അതേസമയം, പീഡന കേസിൽ ഹരിധരനെതിരെ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അനന്തുവിന്‍റെ സഹപ്രവർത്തകയാണ് യുവതി.