നിതാരി കൊലപാതക പരമ്പര: പ്രതി സുരേന്ദ്ര കോലി പുറത്തേക്ക്, അവസാന കേസിലും വെറുതെ വിട്ട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: യു.പി. നോയിഡയിലെ കുപ്രസിദ്ധമായ നിതാരി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി സുരേന്ദ്ര കോലി പുറത്തേക്ക്. ചൊവ്വാഴ്ച അവസാന കേസിലും കോലിയെ സുപ്രീം കോടതി വെറുതെ വിട്ടതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്.
13 കൊലക്കേസുകളാണ് കോലിക്കെതിരെ ചുമത്തിയിരുന്നത്. നേരത്തെ 12 കേസിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനിടെ, അവശേഷിച്ച കേസിൽ സുപ്രീം കോടതി സുരേന്ദ്ര കോലിയുടെ ക്യൂറേറ്റീവ് പെറ്റീഷൻ അനുവദിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
2011-ൽ കേസുകളിലൊന്നിൽ കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയത്. നിതാരി കൊലപാതകവുമായി ബന്ധപ്പെട്ട് 13 കേസുകളിലും സമാനമായ തെളിവുകളാണ് ഹാജരാക്കപ്പെട്ടത്. 12 കേസുകളിൽ വിശ്വസനീയ യോഗ്യമല്ലെന്ന് കണ്ടെത്തിയ തെളിവുകൾ അടിസ്ഥാനമാക്കി അനുബന്ധ കേസിൽ ശിക്ഷിക്കുന്നതിനെതിരെയാണ് കോലി കോടതിയിൽ ക്യൂറേറ്റീവ് പെറ്റീഷൻ നൽകിയത്.
മറ്റുകേസുകളിൽ കുറ്റവിമുക്തനായിരിക്കെ അതേ തെളിവുകൾ വെച്ച് ഒരുകേസിൽ മാത്രം ശിക്ഷിക്കുന്നത് അസാധാരണമായ ഒരു സാഹചര്യം ഉണ്ടാക്കുമെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി.
നേരത്തെ, വിചാരണക്കോടതി വധശിക്ഷവിധിച്ച 12 കേസുകളിൽ അലഹാബാദ് ഹൈകോടതി ഇയാളെ കുറ്റമുക്തനാക്കിയിരുന്നു. കൂട്ടുപ്രതി മൊനീന്ദർ സിങ് പാന്ഥറിനെ വധശിക്ഷ വിധിച്ച രണ്ട് കേസുകളിലും കുറ്റമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസുമാരായ അശ്വനികുമാർ മിശ്ര, സയിദ് അഫ്താബ് ഹുസൈൻ റിസ്‌വി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി. തുടർന്ന് സി.ബി.ഐയും ഇരകളുടെ കുടുംബാംഗങ്ങളും സമർപ്പിച്ച 14 അപ്പീലുകൾ സുപ്രീംകോടതി തള്ളിയിരുന്നു.
കേട്ടുകേൾവിയില്ലാത്ത ക്രൂരതയും നിഗൂഢതയും; രാജ്യത്തെ നടുക്കിയ നിതാരി
ഇതിന് മുമ്പ് കേട്ടുകേഴ്വിയില്ലാത്ത ക്രൂരതയും നിഗൂഢതയും കൊണ്ട് ദേശീയ തലത്തിൽ കുപ്രസിദ്ധമായതാണ് നിതാരി കൊലക്കേസ്. 2006 ഡിസംബറിൽ ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള നിതാരി ഗ്രാമത്തിലെ വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായിരുന്നു തുടക്കം. 2005-2006 കാലത്ത് ഗ്രാമത്തിൽനിന്ന് കാണാതായ പെൺകുട്ടികളുടെ ശരീരാവശിഷ്ടങ്ങളാണു കണ്ടെത്തിയത്.
ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ, വീട്ടുടമ മൊനീന്ദർ സിങ് പാന്ഥറും സഹായി സുരേന്ദ്ര കോലിയും അറസ്റ്റിലായി. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ഒരുവർഷത്തിലേറെ അരങ്ങേറിയ ലൈംഗികവൈകൃതങ്ങളുടെയും കൊലപാതകങ്ങളുടെയും മനസുമരവിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ബിസിനസുകാരനായ മൊനീന്ദർ സിങ് പാന്ഥറുടെ നിതാരി ഗ്രാമത്തിലെ സെക്ടർ 31-ലെ ഡി-5 വീട്ടിൽ ഇരുപതുകാരിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഉൾപ്പെടെ ഒട്ടേറെപ്പേരെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. പാന്ഥറുടെ വീടിനുസമീപത്തെ അഴുക്കുചാലിൽനിന്ന് 19 തലയോട്ടികളും അസ്ഥികളും കണ്ടെത്തിയിരുന്നു. 11 പെൺകുട്ടികൾ, ഒരു യുവതി, ആറു ആൺകുട്ടികൾ എന്നിവരുടെ അവശിഷ്ടങ്ങൾ ലഭിച്ചതായാണ് ശാസ്ത്രീയപരിശോധനാ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പോലീസിന്റെ കുറ്റപത്രം.
നുണപരിശോധനയിൽ തങ്ങൾ ചെയ്തുകൂട്ടിയ ക്രൂരതകളെല്ലാം സുരേന്ദ്ര കോലി അന്വേഷണസംഘത്തോടു വിവരിച്ചു. കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിൽവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മറവുചെയ്യുകയുമായിരുന്നു ഇവരുടെ രീതി. പ്രതികൾ മൃതശരീരം പാകംചെയ്ത് കഴിച്ചതായും മൊഴികളിലുണ്ട്.
തെളിവില്ലാതെ പോകുന്ന അരുംകൊലകൾ
2014 സെപ്റ്റംബർ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നരമണിക്കൂർമുമ്പാണ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. 2014 സെപ്റ്റംബർ എട്ടിന് പുലർച്ചെനടന്ന വിധിപ്രസ്താവം അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു. ജസ്റ്റിസുമാരായ എച്ച്.ആർ. ദത്തു, എ.ആർ. ദാവെ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
2006 ഡിസംബർ 29-നാണ് പ്രതികൾ പിടിയിലാകുന്നത്. കുട്ടികളുൾപ്പെടെയുള്ളവരെ സുരേന്ദ്ര കോലിയും മൊനീന്ദർ സിങ്ങും വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മാംസഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ശേഷം അവശിഷ്ടങ്ങൾ കഷണങ്ങളാക്കി വീടിനുപിറകിൽ കുഴിയെടുത്ത് മൂടുകയായിരുന്നെന്നും സി.ബി.ഐ. കണ്ടെത്തി.
കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകൾചുമത്തി 19 കേസാണ് സി.ബി.ഐ. 2007-ൽ ഇരുവർക്കുമെതിരേ ചുമത്തിയത്. ഇതിൽ മൂന്നുകേസ് തെളിവുകളുടെ അഭാവത്തിൽ പിന്നീട് റദ്ദാക്കി. പിന്നീട് മതിയായ തെളിവുകളുടെ അഭാവം ചൂണ്ടി സുരേന്ദ്ര കോലിയെ വിചാരണക്കോടതി വധശിക്ഷവിധിച്ച 12 കേസുകളിലും കൂട്ടുപ്രതി മൊനീന്ദർ സിങ് പാന്ഥറിനെ വധശിക്ഷ വിധിച്ച രണ്ട് കേസുകളിലും അലഹാബാദ് ഹൈകോടതി കുറ്റമുക്തനാക്കുകയായിരുന്നു.
60 ദിവസത്തെ കസ്റ്റഡിക്ക് ശേഷം രേഖപ്പെടുത്തിയ സി.ആർ.പി.സി സെക്ഷൻ 164 പ്രകാരമുള്ള കോലിയുടെ കുറ്റസമ്മതവും ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 27 പ്രകാരമുള്ള വീണ്ടെടുക്കലുകളുമാണ് സി.ബി.ഐ തെളിവുകളാക്കിയത്. പ്രോസിക്യൂഷൻ കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സി.ബി.ഐയുടെ അന്വേഷണം തെറ്റായ ദിശയിലായിരുന്നുവെന്നൂം കോടതി വിമർശിച്ചിരുന്നു. വൃക്ക തട്ടിപ്പുമായി ബന്ധപ്പെട്ട് സമീപവാസിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, അവയവ വ്യാപാരമടക്കം സംശയിക്കാമായിരുന്നിട്ടും സി.ബി.ഐ അന്വേഷണത്തിൽ അത് പരിഗണിച്ചില്ലെന്നും കോടതി വിമർശിച്ചിരുന്നു.
2009 നും 2017 നും ഇടയിൽ, കോലിയെ 12 കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചു, അതേസമയം പാന്ഥർ രണ്ടെണ്ണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2011 ൽ, കോലിയുടെ ശിക്ഷയും ഒരു കേസിൽ വധശിക്ഷയും സുപ്രീം കോടതി ശരിവച്ചു. 2015 ൽ, ദയാഹർജി തീരുമാനിക്കുന്നതിൽ ‘അമിതമായ കാലതാമസം’ ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ആ ശിക്ഷ ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

