1.2 കോടിയുടെ കൊക്കെയ്ൻ ബ്രെഡിൽ ഒളിച്ചുകടത്തി; നൈജീരിയൻ യുവതി ബംഗളൂരുവിൽ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഒലാജിഡെ എസ്തർ ഇയാനുവോളുവ, പ്രതീകാത്മക ചിത്രം
ബംഗളൂരു: ബ്രെഡ് പാക്കറ്റിൽ കൊക്കെയ്ൻ ഒളിച്ചുകടത്തിയ നൈജീരിയൻ യുവതി ബംഗളൂരുവിൽ അറസ്റ്റിൽ. മുംബൈയിൽനിന്നും ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തർ ഇയാനുവോളുവയെ (29) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി ബംഗളൂരു പൊലീസ് അറിയിച്ചു. 2024ൽ സ്റ്റുഡന്റ് വിസയിൽ ഡൽഹിയിലെത്തിയ ഒലാജിഡെയുടെ ബാഗിൽനിന്നും ബ്രെഡുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. ബംഗളൂരുവിലെ വർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രേസ് ട്രസ്റ്റിൽ താമസിക്കുന്ന വിദേശ വനിത പ്രമുഖ വ്യക്തികൾക്ക് ഉൾപ്പെടെ കൊക്കെയ്ൻ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്നും മൊബൈൽ ഫോണും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. വിദ്യാർഥിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതി ഒരു കോളജിലും ചേരാതെ മുംബൈയിലെ ഘാട്‌കോപ്പർ (ഗാല നഗർ), അംബവാടി, നല്ലസൊപാര തുടങ്ങിയ പ്രദേശങ്ങളിൽ താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ തന്റെ സുഹൃത്തിൽനിന്ന് കൊക്കെയ്ൻ വാങ്ങിയ ശേഷം അയാളുടെ നിർദേശപ്രകാരം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വിതരണം ചെയ്യുകയാണ് പതിവ്. ഇതുവഴി ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുകയും നിയമവിരുദ്ധമായി പണം സമ്പാദിക്കുകയും ചെയ്തു.
ഒലാജിഡെയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വർത്തൂരിനടുത്ത് നടത്തിയ തിരച്ചിലിൽ, ഇവരിൽനിന്ന് ലഹരിമരുന്ന് ഏറ്റുവാങ്ങാനിരുന്ന സ്വദേശിയെ അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാളെ നാടുകടത്തുകയും ചെയ്തു. 2024 ൽ കർണാടകയിൽ 4168 ലഹരിമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും 1833 പേർ ശിക്ഷിക്കപ്പെട്ടതായും ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 2214 പേർ വിചാരണ കാത്തിരിക്കുകയാണ്. 2025ൽ കേസുകളുടെ എണ്ണം 5747 ആയി വർദ്ധിച്ചു. 1079 പേർ ശിക്ഷിക്കപ്പെട്ടു. 3414 പേരുടെ വിചാരണ തുടങ്ങി.
ഡിസംബർ ആദ്യവാരത്തെ കണക്കുകൾ പ്രകാരം ബംഗളൂരുവിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട് 1078 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 52 വിദേശികൾ ഉൾപ്പെടെ 1543 പേരെ അറസ്റ്റ് ചെയ്തു. 160 കോടി രൂപ വിലമതിക്കുന്ന 1446.75 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു. ലഹരി കടത്തിൽ ഉൾപ്പെട്ട 300ലേറെ വിദേശ പൗരരെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അടുത്തിടെ ബെലഗാവിയിൽ നടന്ന നിയമസഭ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

