Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു കുഞ്ഞിന് 12 ലക്ഷം, ആകെ മൂന്ന് പ്രസവങ്ങൾ നടന്നിടത്ത് 26 വ്യാജ ജനന സർട്ടിഫിക്കറ്റുകൾ; ആശുപത്രിയുടെ മറവിൽ നവജാത ശിശുക്കളെ വിൽപന നടത്തി

text_fields
bookmark_border
Newborn Baby Trafficking Racket
cancel
camera_alt

പ്രതീകാത്മക ചിത്രം

റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ സ്വകാര്യ ആശുപത്രിയുടെ മറവിൽ നവജാത ശിശുക്കളെ വിൽപന നടത്തി. മൂന്ന് പ്രസവങ്ങൾ മാത്രം നടന്ന ആശുപത്രിയിൽനിന്ന് 26ഓളം വ്യാജ ജനന സർട്ടിഫിക്കറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ ദിവാകർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി മാനേജിങ് ഡയറക്ടറും രണ്ട് നഴ്സുമാരും ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളെ വാങ്ങാൻ താൽപര്യമുള്ള ദമ്പതികൾക്ക് വ്യാജ രേഖകൾ ഉപയോഗിച്ച് ജനന സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുകയായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഒഡീഷയിലെ സുന്ദർഗഢ് സ്വദേശിനിയായ യുവതിയുടെ പരാതിയോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. സൗജന്യ പ്രസവവും ചികിത്സയും വാഗ്ദാനം ചെയ്ത് യുവതിയെ റായ്പൂരിലെത്തിച്ച സംഘം കുഞ്ഞിനെ കൈമാറാൻ പണം വാഗ്ദാനം ചെയ്തെന്നാണ് പരാതി. നവംബർ നാലിന് യുവതി പ്രസവിച്ചതിനെ തുടർന്ന് കുഞ്ഞിനെ വിൽക്കാൻ സമ്മർദം ചെലുത്തുകയും വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. പിന്നീട് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. നവംബർ 18ന് കേസെടുത്ത പൊലീസ് ആദ്യം സംഘത്തിലെ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടറടക്കം മൂന്നുപേരെ പിടികൂടുകയും ചെയ്തു.

ദിവാകർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ മാനേജിങ് ഡയറക്ടറായ ഡോ. ഖിർ സിന്ധു മഹാനന്ദാണ് വ്യാജ രേഖകൾ തയാറാക്കിയതെന്നാണ് പൊലീസ് ആരോപണം. ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത കുഞ്ഞുങ്ങൾക്കും അവരെ വാങ്ങാനെത്തുന്നവർക്കും ആശുപത്രിയുടെ സീലുപയോഗിച്ച് ഡിസ്ചാർജ് രേഖകൾ നൽകിയെന്നും ജനന സർട്ടിഫിക്കറ്റിനായി വ്യാജ മെമ്മോറാണ്ടങ്ങൾ തയാറാക്കി നഗരസഭയിൽ സമർപ്പിച്ചെന്നും പൊലീസ് പറയുന്നു. ഡോക്ടറുടെ പക്കൽനിന്ന് ചികിത്സാരേഖകളും ആശുപത്രിയിലെ ഒ.പി രജിസ്റ്ററും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ യഥാർഥ മെഡിക്കൽ യോഗ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്.

കുഞ്ഞുങ്ങളെ വാങ്ങുന്നവരുമായി ഇടപാടുകൾ ഉറപ്പിക്കുകയും പണം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത് സംഘത്തിലെ മറ്റുള്ളവരാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഒരു കുഞ്ഞിന് നാലു ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു. അഹമ്മദാബാദ്, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ കൈമാറിയതായും കുറഞ്ഞത് പത്തോളം ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Newborn Baby Trafficking Racket
Next Story