മഹാരാഷ്ട്രയിലെ വനിത ഡോക്ടറുടെ മരണത്തിൽ വീണ്ടും ട്വിസ്റ്റ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്തിയെന്ന് ഡോക്ടർക്കെതിരെ ആരോപണം
text_fieldsമുംബൈ: കഴിഞ്ഞാഴ്ചയാണ് മഹാരാഷ്ട്രയിലെ സതാരയിൽ വനിത ഡോക്ടർ ജീവനൊടുക്കിയത്. ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഡോക്ടറുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ടെക്കി യുവാവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.
രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഡോക്ടർ വലിയ സമ്മർദം നേരിട്ടതായുള്ള വിവരങ്ങളും പുറത്തുവരികയുണ്ടായി.
അതിനിടയിലാണ് തന്റെ മകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താൻ ഡോക്ടർ കൂട്ടുനിന്നുവെന്നാരോപിച്ച് ഭാഗ്യശ്രീ പഞ്ചാഗ്നെ രംഗത്തുവരുന്നത്. തന്റെ മകൾ ദീപാലി മാരുതിയുടെത് അസ്വാഭാവിക മരണമാണെന്നും എന്നാൽ ഡോക്ടർ അത് സാധാരണ മരണമാക്കി മാറ്റുകയായിരുന്നുവെന്നുമാണ് അവർ ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താൻ വനിത ഡോക്ടറുടെ മേൽ വലിയ സമ്മർദമുണ്ടായിരുന്നുവെന്നും ഭാഗ്യശ്രീ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഡോക്ടർ ആത്മഹത്യ കുറിപ്പിൽ ആരോപണമുന്നയിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഗോപാൽ ബദനിയെയും എൻജിനീയറായ പ്രശാന്ത് ബങ്കാറിനെയും അറസ്റ്റ് ചെയ്തിരുന്നു.നാലുപേജുള്ള ആത്മഹത്യകുറിപ്പിൽ മുൻ എം.പിക്കുനേരെയും ആരോപണമുണ്ടായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ പ്രതി മെഡിക്കലി ഫിറ്റാണെന്ന സർട്ടിഫിക്കറ്റ് നൽകാൻ എം.പി സമ്മർദം ചെലുത്തിയെന്നാണ് പറയുന്നത്.
സർക്കാർ ജില്ലാ ആശുപത്രിയിലായിരുന്നു വനിത ഡോക്ടർ ജോലി ചെയ്തിരുന്നത്. പലപ്പോഴും പോസ്റ്റ്മോർട്ടം ചെയ്യുന്ന ജോലിയായിരുന്നു. പലരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ മാറ്റിയെഴുതാൻ പലതവണ സമ്മർദമുണ്ടായി. പൊലീസ്ഉദ്യോഗസ്ഥനും സമ്മർദം ചെലുത്തി. ഇതിനെതിരെ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. അതോടെ വനിത ഡോക്ടറുടെ മരണം മഹാരാഷ്ട്രയിൽ രാഷ്ട്രീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു.
ആർമി ഓഫിസറായ അജിംഗ്യ ഹൻമന്ത് നിംബാൽകർ ആണ് ദീപാലിയെ വിവാഹം ചെയ്തത്. ഭർതൃവീട്ടിൽ നിരവധി തവണശാരീരിക-മാനസിക പീഡനങ്ങൾ ദീപാലി നേരിട്ടു. ആഗസ്റ്റ് 19നാണ് ദീപാലിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് ഭാഗ്യശ്രീ പറയുന്നത്.
മരണം സംഭവിച്ച് അഞ്ചുദിവസം കഴിഞ്ഞിട്ടും പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകാൻ തയാറായില്ലെന്നും അവർ ആരോപണമുയർത്തി. ഒരുമാസം കഴിഞ്ഞാണ് റിപ്പോർട്ട് കിട്ടിയത്.സ്വാഭാവിക മരണമെന്നായിരുന്നു അതിൽ രേഖപ്പെടുത്തിയത്. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് മരുമകൻ മകളുടെത് സ്വാഭാവിക മരണമാക്കി മാറ്റുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
''ആഗസ്റ്റ് 17ന് ദീപാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഭർതൃപിതാവ് ഫോണിൽ അറിയിക്കുന്നത്. ആറുമാസം ഗർഭിണിയായിരുന്നു ദീപാലി അപ്പോൾ. ആ കാരണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ അവർ ജീവനൊടുക്കിയെന്നാണ് ഭർതൃകുടുംബം അറിയിച്ചത്. എന്നാൽ അക്കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. എന്റെ മകൾ ഒരിക്കലും ആ കടുംകൈ ചെയ്യില്ല. ഒന്നാമത് ആറുമാസം ഗർഭിണിയായിരുന്നു അവൾ. ഒന്നര വയസുള്ള പെൺകുഞ്ഞിന്റെ അമ്മയും. അവരെ തനിച്ചാക്കി അവൾ ജീവനൊടുക്കില്ല. അവളെ അവർ കൊലപ്പെടുത്തിയതാണ്''-ഭാഗ്യശ്രീയുടെ അമ്മ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

