Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇരട്ടക്കൊലപാതകം;...

ഇരട്ടക്കൊലപാതകം; ‘എന്തിനാ ഇങ്ങനെയുള്ളവരെ വളർത്തുന്നത്, ഞങ്ങൾ എവിടെ പോകും, ഈ പൊലീസിൽ പ്രതീക്ഷയില്ല...’

text_fields
bookmark_border
Nenmara Double Murder
cancel

നെന്മാറ: പ്രിയപ്പെട്ടവർ ​കൊല്ലപ്പെട്ടതോടെ അനാഥരായ മക്കളുടെ നിലവിളിയും ചോദ്യങ്ങളുമാണുയരുന്നത്. ‘എന്തിനാ ഇങ്ങനെയുള്ള ആൾക്കാരെ വളർത്തുന്നത്, ഇനി ഞങ്ങൾ എവിടെ പോകും, പൊലീസിൽ പ്രതീക്ഷയില്ല. പൊലീസുകാർ മാറി മാറി വരുമ്പോൾ എല്ലാം സ്റ്റേഷനിലെത്തി പരാതി നൽകി. പക്ഷെ, പൊലീസ് ഒന്നും ചെയ്തില്ലെന്ന് മക്കളായ അനഘയും അതു​ല്യയും പറയുന്നു. ഡിസംബർ 29ന് അനഘയും കൊല്ലപ്പെട്ട പിതാവ് സുധാകരനും നെന്മാറ പൊലീസിൽ ​ചെന്താമര അക്രമിച്ചേക്കാമെന്ന പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ഗൗരവത്തിലെടുത്തില്ല. നാട്ടുകാരിൽ ചിലരും ചെന്താ​മരയെ ഭയന്ന് പൊലീസിൽ പരാതി നൽകി. ഒടുവിൽ ഇരട്ടക്കൊലപാതകം കൂടി നടന്നതോടെ പൊലീസ് പ്രതിക്കൂട്ടിൽ നിൽക്കുകയാണ്.

ഇതിനിടെ, പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കായി പൊലീസിനൊപ്പം നാട്ടുകാരും തെരച്ചിലിലാണ്. ഇന്ന് പ്രദേശത്തെ കാടുകളിലും ജലാശയങ്ങളിലും തെരച്ചിൽ നടത്തുകയാണിപ്പോൾ. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ പൊലീസ് നടത്തി. ഏഴ് സംഘമായിട്ടാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനുണ്ട്. കൂടാതെ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടിലും ചെന്താമരക്കായി പരിശോധന ആരംഭിച്ച് കഴിഞ്ഞു. ചെന്താമരയുടെ സഹോദരനെയും കൂട്ടി ആലത്തൂർ പൊലീസ് തിരുപ്പൂരിലേക്ക് തിരിച്ചു. ഇതിനിടെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്നും പാതിയൊഴിഞ്ഞ വിഷ കുപ്പി കണ്ടെടുത്തു. വിഷം കഴിച്ച ശേഷം ചെന്താമര കാട്ടിലേക്ക് കടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര തിങ്കളാഴ്ച രാവിലെ 9.30നാണ് രാവിലെയാണ് അയല്‍വാസിയായ വയോധികയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി തിരുത്തമ്പാടം ബോയൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മിയും (76) മകൻ സുധാകരനും (58) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയോടുള്ള അടങ്ങാത്ത പകയാണ് ചെന്താമരയെ കൊലപാതകത്തിലേക്കു നയിച്ചത്. 2019 ആഗസ്റ്റിൽ സുധാകരന്‍റെ ഭാര്യ സജിതയെ (35) ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ തുടക്കത്തിൽ കണ്ടെത്താനായിരുന്നില്ല. അരക്കമലയിലും പരിസര പ്രദേശങ്ങളിലും വനത്തിലുമായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. കാട്ടിനുള്ളിലെ ഒളിത്താവളംവിട്ട് പുറത്തിറങ്ങുന്നതിനിടെയാണ് അന്വേഷണസംഘം പിടികൂടുകയായിരുന്നു. സമാനമായ ഒരു സാധ്യതയാണ് ഇത്തവണയും പൊലീസ് പ്രതീക്ഷിക്കുന്നത്. വിശപ്പ് സഹിക്കാൻ കഴിയാതാവുമ്പോൾ ചെന്താമര താനെ കാടിറങ്ങുമെന്നാണ് നാട്ടുകാരും പറയുന്നത്. ഇതിനിടയിൽ വീട്ടിൽ കണ്ടെത്തിയ വിഷക്കുപ്പി പൊലീസിന് തലവേദനയാകുന്നുണ്ട്. വിഷം കഴിച്ച് താന്‍ കാട്ടിനുള്ളില്‍ മരിച്ചുവെന്ന വരുത്തിതീർക്കാനാകും ചെന്താമരയുടെ ശ്രമമെന്ന് നാട്ടുകാർ സംശയിക്കുന്നു.

മൂന്നു കൊലപാതകങ്ങളും ആസൂത്രിതം

അയൽവീട്ടിലെ മൂന്നുപേരെയും ചെന്താമര കൊലപ്പെടുത്തിയത് ആസൂത്രിതമായി. 2019ൽ ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരിലെ ജോലിസ്ഥലത്തും മക്കള്‍ സ്‌കൂളിലുമായിരുന്ന സമയത്തായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. ഈ സമയം വീട്ടില്‍ സജിത തനിച്ചാണെന്ന് ചെന്താമര മനസ്സിലാക്കിയിരുന്നു. പിറകിലൂടെ എത്തി കത്തികൊണ്ട് കഴുത്തില്‍ വെട്ടിയാണ് സജിതയെ കൊന്നത്. സജിതയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് തിങ്കളാഴ്ചയിലെ കൊലകളും നടത്തിയത്.

തന്റെ ഭാര്യയും കുട്ടിയും പിണങ്ങിപ്പോയതിനു പിന്നില്‍ അയല്‍വാസിയായ സജിതക്കും മറ്റു ചില അയല്‍വാസികള്‍ക്കും പങ്കുണ്ടെന്ന് കരുതി അതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് സജിതയെ കൊലപ്പെടുത്തിയതെന്ന് അന്ന് ചെന്താമര അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ജാമ്യത്തിലിറങ്ങിയതിനുശേഷം ചെന്താമര സെക്യൂരിറ്റി ജോലി ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ക്ക് കിട്ടിയ വിവരം. നാട്ടിലെത്തിയിട്ട് രണ്ടു മാസം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. സുധാകരനെയും അമ്മയെയും വധിക്കുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെ ഇയാള്‍ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

പൊലീസിന് വിചിത്ര വിശദീകരണം

പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന കുടുംബത്തിന്റെ ആരോപണത്തിൽ പൊലീസിന് വിചിത്ര വിശദീകരണം. പരാതിക്കു പിന്നാലെ ഇയാളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നെന്ന് ഡിവൈ.എസ്.പി അജിത് കുമാർ പറഞ്ഞു. ഭീഷണിയെപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് നിന്നു. ഇനിയും ഇതാവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന് താക്കീത് നല്‍കി പറഞ്ഞുവിടുകയായിരുന്നെന്നും ഡിവൈ.എസ്‌.പി പറഞ്ഞു.

ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബർ 29നാണ് ചെന്താമരയെ പൊലീസ് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഇയാൾ, അകത്തേക്ക് കയറാൻ തയാറായിരുന്നില്ല. വേണമെങ്കില്‍ പൊലീസ് പുറത്തേക്ക് വരട്ടെ എന്നായിരുന്നു പ്രതിയുടെ പക്ഷം. അകത്ത് വരാന്‍ പറ്റില്ലെന്ന് ചെന്താമര പറഞ്ഞതിനാൽ താൻ പുറത്തേക്ക് ചെന്നാണ് അയാളോട് സംസാരിച്ചതെന്ന് ഡിവൈ.എസ്‌.പി പറഞ്ഞു. ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ച പ്രതിയെ താക്കീത് നൽകി തിരികെ വിടുകയായിരുന്നു പൊലീസ്. നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് അനാസ്ഥ കാട്ടിയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nenmara Double Murder
News Summary - Nenmara double murder Police didnt take killers threats seriously says victims daughter
Next Story