നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി പിടിയിലായത് കൊല നടന്ന് നൂറാംദിനം
text_fieldsഅർജുൻ താമസിക്കുന്ന കോളനിയിലെ വീട്ടിലെത്തി തെളിവ് ശേഖരിക്കുന്നു
മാനന്തവാടി: നാടിനെ നടുക്കിയ പനമരം താഴെ നെല്ലിയമ്പത്തെ വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ പ്രതി പിടിയിലാകുന്നത് സംഭവം നടന്ന് നൂറാം ദിനത്തിൽ.
ജൂൺ ഒമ്പതിന് രാത്രി 8.30ഓടെയാണ് താഴെ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും അക്രമിയുടെ കുത്തേറ്റു മരിക്കുന്നത്. ഈ സംഭവത്തിലാണ് സമീപവാസിയായ കായക്കുന്ന് കുറുമ കോളനിയിലെ അർജുൻ (24) ഒടുവിൽ പിടിയിലാകുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ ഇയാൾ തമിഴ്നാട്ടിലെ ഈ റോഡ്, മധുര എന്നിവിടങ്ങളിൽ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു.
കോവിഡിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തി കാടുവെട്ട് ഉൾപ്പെടെയുള്ള ജോലികൾ ചെയ്തു വരികയായിരുന്നു.കൊല്ലപ്പെട്ട വീടുമായി ബന്ധമുണ്ടായിരുന്ന ഇയാൾ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് മോഷണം നടത്താനായി ഈ വീട്ടിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ പ്രതിയെ വീട്ടുടമസ്ഥൻ കണ്ടതോടെ ആക്രമിച്ച് കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
മോഷണത്തിെൻറ ഒരുക്കത്തിനിടെ വയനാട്ടിൽ നടന്നിട്ടുള്ള മോഷണ കൊലപാതകങ്ങളെ കുറിച്ചും പൊലീസിെൻറ അന്വേഷണ രീതികളെ കുറിച്ചും കൃത്യമായി പഠിച്ചിരുന്നു.
ഹൊറർ വിഡിയോ ദൃശ്യങ്ങൾ നിരന്തരം കാണുകയും കുറ്റകൃത്യത്തിന് മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം പ്രതി മൊബൈലിലെ എല്ലാ ദൃശ്യങ്ങളും നശിപ്പിച്ചു.മൊഴിയിൽ വൈരുധ്യം തോന്നിയതോടെ പൊലീസ് ഇയാളുടെ മൊബൈൽ പരിശോധിക്കുകയും ശാസ്ത്രീയ പരിശോധനകളിലൂടെ മായ്ച്ചു കളഞ്ഞ വിവരങ്ങൾ വീണ്ടെടുക്കുകയും ചെയ്തു.
ഇതിെൻറ അടിസ്ഥാനത്തിലാണ് അർജുൻ തന്നെയാണ് പ്രതിയെന്ന് പൊലീസ് നിഗമനത്തിലെത്തിയത്.കൂടാതെ ഇടതു കൈ ഉപയോഗിക്കുന്ന ഒരാളാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.
പ്രതി വലയിലായത് വിമർശനങ്ങൾക്കൊടുവിൽ
പനമരം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കേസിൽ പ്രതി പിടിയിലാകുന്നത്. സംഭവം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴും പ്രതിയെ കുറിച്ച് വ്യക്തമായ സൂചനയില്ലെന്നായിരുന്നു നാട്ടുകാരുടെ അറിവ്. ഇതോടെ അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐയോ, ക്രൈം ബ്രാഞ്ചോ അന്വേഷണം ഏറ്റെടുക്കണമെന്നും പനമരം പൗരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പ്രദേശവാസികൾ കർമസമിതി രൂപവത്കരിക്കാനും തീരുമാനിച്ചിരുന്നു. ടി. സിദ്ദീഖ് എം.എൽ.എ ഉൾപ്പെടെയുള്ളവരും ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു. ഇതിനിടെയാണ് പൊലീസിന് ആശ്വാസമായി പ്രതി പിടിയിലായത്. കൊലപാതക ശേഷം പനമരം, കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ മുഖം മൂടി ആക്രമണങ്ങളും മോഷണശ്രമങ്ങളും അധികരിച്ചത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. മുമ്പും സമാന രീതിയിൽ ആക്രമണം ഉണ്ടായിട്ട് പ്രതിയെ പിടികൂടാത്തതും വിമർശനങ്ങൾക്കിടയാക്കി.
പ്രതിയുമായി തെളിവെടുപ്പ് നടത്തി
പനമരം: ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് അർജുനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കൊല നടന്ന വീട്ടിൽ തെളിെവടുപ്പിനായി എത്തിച്ചത്. പ്രതി വീടിനുള്ളിൽ പ്രവേശിച്ച വഴിയും രക്ഷപ്പെട്ട വീടിെൻറ പിറകുവശത്തെ സ്ഥലവും കാണിച്ചു കൊടുത്തു. തുടർന്ന് പ്രതി താമസിക്കുന്ന കോളനിയിലേക്കും കൊണ്ടുപോയി. ശനിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനുശേഷം വിശദമായ തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കണാൻ നിരവധിയാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്.