അയൽവാസികളുടെ ആത്മഹത്യ: കൊച്ചങ്ങാടിക്ക് ആഘാതമായി
text_fieldsവൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടിയിൽ അയൽവാസികളായ യുവാവിെൻറയും യുവതിയുടെയും മരണം നാടിന് ആഘാതമായി. ഞായറാഴ്ച രാവിലെയാണ് യുവാവിനെയും യുവതിയെയും കാണാനില്ലെന്ന വാർത്ത പരന്നത്. തിരച്ചിൽ നടത്തുന്നതിനിടെ ഇവരുടെ വീട്ടിൽനിന്ന് 300 മീറ്ററോളം അകലെ ഗുരുമന്ദിരത്തിനു സമീപം കാടുപിടിച്ച സ്ഥലത്തെ പുന്നമരത്തിൽ അടുത്തടുത്തായി തൂങ്ങിമരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. വിവരമറിഞ്ഞ് നിരവധിപേർ സംഭവസ്ഥലത്തേക്ക് എത്തി.
ശനിയാഴ്ച വൈകീട്ട് വൈക്കത്തെ മൊബൈൽ കടയിൽ എത്തിയ അമർജിത് വിവിധ ഫോണുകളുടെ വില അന്വേഷിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെത്തിയ അമർജിത് രാത്രി 12ഓടെ മാതാവ് ഗ്രേസിയിൽനിന്ന് വെള്ളം വാങ്ങിക്കുടിച്ചിരുന്നു. പിന്നീട് രാവിലെ ഏഴുന്നേറ്റപ്പോൾ കാണാതായി. ഇടത്തരം കുടുംബങ്ങളിലെ യുവാവും യുവതിയും പഠനത്തിലും സമർഥരായിരുന്നു. ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞ യുവാവും എയർ ഹോസ്റ്റസ് കോഴ്സിൽ അവസാനവർഷ വിദ്യാർഥിനിയായ യുവതിയും ജീവനൊടുക്കിയത് ഇരുവരുടെയും ഉറ്റവെരയും സുഹൃത്തുക്കളെയും ഞെട്ടിച്ചു.
എല്ലാവരോടും സൗഹൃദത്തോടെ കളിചിരിയുമായി നടന്നിരുന്ന കൃഷ്ണപ്രിയയും ശാന്ത പ്രകൃതക്കാരനായിരുന്ന അമർജിത്തും പ്രണയത്തിലായിരുന്നെന്നാണ് പൊലീസിെൻറ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ശനിയാഴ്ച പകലും രാത്രിയും അനിഷ്ടസംഭവങ്ങൾ ഒന്നുംതന്നെ തങ്ങളുടെ കുടുംബത്തിൽ നടന്നിട്ടില്ലെന്ന് ഇരുവരുടെയും ബന്ധുക്കൾ ഉറപ്പുപറയുന്നു. എന്നാൽ, ഇരുവരും ജീവനൊടുക്കിയതിന് പിന്നിലെ കാരണം ദുരൂഹമായി തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം കൂടുതൽ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

