സെൻസർ ഹോൺ നിരന്തരം മുഴങ്ങിയത് ശല്യമായി; അഭിഭാഷകയുടെ കാർ പെട്രോളൊഴിച്ച് കത്തിച്ച് അയൽവാസി
text_fieldsമോർബി: കാറിന്റെ സെൻസറിൽനിന്ന് ആവർത്തിച്ചുണ്ടായ ഹോൺ ശബ്ദം കേട്ട് പ്രകോപിതനായ യുവാവ് അയൽവാസിയുടെ കാർ പെട്രോളൊഴിച്ച് കത്തിച്ചു. ഗുജറാത്ത് മോർബിയിലെ വാഘ്പാറ ഗ്രാമത്തിലാണ് സംഭവം. ശിഖർ ജയേഷ് ഗോഹേൽ എന്നുപേരുള്ള യുവാവിനെ മോർബി എ ഡിവിഷൻ പൊലീസ് അറസ്റ്റ് ചെയ്തു.
അയൽവാസിയായ അഭിഭാഷക പുഷ്പാബെൻ ഭട്ടിന്റെ സ്വിഫ്റ്റ് കാറാണ് ശിഖർ അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.45ഓടെയാണ് സംഭവം. വീടിനു മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ. അയൽവാസിയായ ശിഖർ കുപ്പിയിൽ ഇന്ധനവുമായി കാറിനടുത്തെത്തി ബോണറ്റിലും മുൻവശത്തും ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. കാറിൽനിന്ന് തീ ആളിപ്പടർന്നിട്ടും ഇയാൾ ഉടൻ സ്ഥലംവിടാതെ കത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പ്രതി കൃത്യം ചെയ്യുന്നത് സമീപത്തുള്ള സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
താൻ സമീപത്തു കൂടി പോകുമ്പോഴെല്ലാം കാറിന്റെ സെൻസർ പ്രവർത്തിച്ച് ഹോൺ മുഴങ്ങുന്നത് പ്രതിയെ പ്രകോപിപ്പിച്ചിരുന്നു. ഇതിലുള്ള അമർഷം കാരണമാണ് ഇയാൾ കാറിൽ തീയിട്ടതെന്ന് മോർബി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ജെ.എം. ആൽ വ്യക്തമാക്കി.
സംഭവത്തിൽ കാറിന് ഏകദേശം 3.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടമ നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

