18കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; അയൽവാസി അറസ്റ്റിൽ
text_fieldsആലപ്പുഴ: 18കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. സ്റ്റേഷനിലെത്തിച്ച പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു. സംഭവത്തിൽ ആലപ്പുഴ സിവ്യൂ വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ജോസിനെയാണ് (57) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. സിവ്യുവാർഡ് ഫിലാഡെൽഫിയയിൽ ആനന്ദ് കുമാറിന്റെ മകളായ 18കാരിയാണ് ആക്രമണത്തിന് ഇരയായത്.
സ്ഥിരം പ്രശ്നക്കാരനായ ജോസ് അയൽവീട്ടുകാരനുമായി നേരത്തെയുണ്ടായ തർക്കവും വഴക്കുമാണ് അക്രമത്തിൽ കലാശിച്ചത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും പുറത്തുപോയ സമയത്താണ് പ്രതി ആക്രമിക്കാൻ വീട്ടിലെത്തിയത്. ആദ്യം ഇവരുടെ വീട്ടുമുറ്റത്തെത്തി പെൺകുട്ടിയെ അസഭ്യം പറഞ്ഞ് മടങ്ങി. യുവതി ഒറ്റക്കാണെന്ന് തിരിച്ചറിഞ്ഞ് ഒരുകുപ്പിയിൽ പെട്രോളുമായി രണ്ടാമത് എത്തിയാണ് ആക്രമണം നടത്തിയത്.
വീടിന്റെ വരാന്തയിലിരുന്ന 18കാരിയുടെ ദേഹത്തേക്ക് കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ചു. പിന്നീട് ലൈറ്റർ കൊണ്ട് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ജോസിനെ തള്ളിയിട്ട് പെൺകുട്ടി ഓടി രക്ഷപ്പെട്ടു. തീ ദേഹത്ത് പടരാതിരുന്നതിനാൽ വലിയദുരന്തമാണ് ഒഴിവായത്. പൊലീസെത്തിയാണ് പ്രതിയെ കീഴടക്കിയത്. സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ജോസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾക്ക് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സനൽകിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

