നേഹ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവ്
text_fieldsകൊല്ലപ്പെട്ട നേഹ ഹിരേമത് നിരഞ്ജൻ ഹിരേമത്, പ്രതി ഫയാസ്
ബംഗളൂരു: ഹുബ്ബള്ളിയിലെ എം.സി.എ വിദ്യാർഥിനി നേഹ ഹിരേമത്ത് കൊലക്കേസിൽ തന്റെ മകൾക്ക് നീതി നിഷേധിക്കപ്പെട്ടെന്നും സംഭവത്തിൽ സ്വാധീനമുള്ള എം.എൽ.എക്ക് പങ്കുണ്ടെന്നും ആരോപിച്ച് പിതാവ് നിരഞ്ജൻ ഹിരേമത്ത് രംഗത്ത്. കേസ് സി.ബി.ഐക്ക് വിടണമെന്ന് നിരഞ്ജൻ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ആവശ്യപ്പെട്ടു. 2024 ഏപ്രിൽ 18ന് വൈകുന്നേരം ഹുബ്ബള്ളിയിലെ കോളജ് കാമ്പസിൽ നേഹയെ പ്രതി ഫയാസ് കത്തികൊണ്ട് ആക്രമിക്കുകയും തുടരെ കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
ഹുബ്ബള്ളി-ധാർവാഡ് സിറ്റി കോർപറേഷനിലെ കോൺഗ്രസ് കൗൺസിലറായ നിരഞ്ജൻ ഹിരേമത്ത് ഫാസ്റ്റ് ട്രാക്ക് കോടതി രൂപവത്കരിക്കുമെന്ന് സംസ്ഥാന സർക്കാർ തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും 120 ദിവസത്തിനുള്ളിൽ തനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുനൽകിയിരുന്നതായും പറഞ്ഞു. എന്നാൽ, കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല, ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചിട്ടില്ല. മകൾ കൊല്ലപ്പെട്ടിട്ട് ഒമ്പത് മാസമായിട്ടും തങ്ങൾക്ക് നീതി ലഭിച്ചില്ല. അന്വേഷണം എവിടേക്കാണ് പോകുന്നതെന്ന് കാണാൻ കഴിയില്ല. അന്വേഷണത്തെക്കുറിച്ച് പൊതുജനങ്ങളും ഹൈന്ദവ പ്രവർത്തകരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒരു എം.എൽ.എ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. അത് സി.ബി.ഐ അന്വേഷിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീരാമസേനയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസിൽ സ്വാധീനമുള്ള വ്യക്തികൾക്കും എം.എൽ.എമാർക്കും പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ശ്രീരാമസേനയുടെ സ്ഥാപകൻ പ്രമോദ് മുത്തലിക്കും അവകാശപ്പെട്ടിരുന്നു.കേസിലെ ലവ് ജിഹാദ് ആരോപണം കർണാടക പൊലീസ് നേരത്തേ തള്ളിയിരുന്നു. വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഹുബ്ബള്ളി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. കുറ്റപത്രത്തിൽ ലവ് ജിഹാദിനെക്കുറിച്ച് പരാമർശമില്ല. നേഹയുടെ പിതാവ്, അമ്മ, സഹോദരൻ, സഹപാഠികൾ, സുഹൃത്തുക്കൾ, അധ്യാപകർ എന്നിവരുടെ മൊഴികളടക്കം 99 തെളിവുകളടങ്ങിയ 483 പേജുള്ള കുറ്റപത്രമാണ് ഫയാസിനെതിരെ സി.ഐ.ഡി അന്വേഷണസംഘം സമർപ്പിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട ദൃക്സാക്ഷി വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കുറ്റപത്രത്തിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.