ബൈക്കിലെത്തി മാല പൊട്ടിക്കൽ: സഹോദരങ്ങള്‍ അറസ്റ്റില്‍
text_fieldsവിഷ്ണു,വിഘ്നേഷ്
പാലക്കാട്: ഒറ്റക്ക് നടന്നുപോകുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പിടിച്ചുപറിക്കുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. പാലക്കാട് ചന്ദ്രനഗര്‍ കരിങ്കരപ്പുള്ളി കരേക്കാട് പുളിയങ്കാവ് വിഘ്നേഷ് (22), സഹോദരന് വിഷ്ണു (26) എന്നിവരെയാണ് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 20ന് രാവിലെ 8.45ന് യാക്കര സ്കൂളിന് സമീപമുള്ള കനാല്‍ റോഡിലൂടെ നടന്നുപോവുന്ന തോട്ടത്തില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ വേശുവിന്റെ (68) ഒന്നര പവന്റെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലാണ് അറസ്റ്റ്.
ടൗണ്‍ സൗത്ത് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞിരുന്നു. കാടാങ്കോട് ഭാഗത്ത് കറങ്ങിനടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. ബൈക്കിന്റെ നമ്പര്‍ ചുരണ്ടി മാറ്റംവരുത്തിയ നിലയിലായിരുന്നു. ബൈക്കിന്റെ ഉടമയെക്കുറിച്ച് അറിയില്ലെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ബൈക്ക് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വില്പന നടത്തിയ മാല അന്വേഷണസംഘം കണ്ടെത്തി. വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൊടൈക്കനാലില്‍ യാത്ര പോയതായും പ്രതികള്‍ മൊഴി നല്കി. വിശദ ചോദ്യംചെയ്യലില്‍ കഴിഞ്ഞ ദിവസം പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം നടന്നുപോയിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചതായി പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ടി. ഷിജു എബ്രഹാം, എസ്.ഐമാരായ വി. ഹേമലത, എം. അജാസുദ്ദീന്, എസ്.സി.പി.ഒമാരായ കെ.സി. പ്രദീപ്കുമാര്‍, എം. സന്തോഷ്, കെ.ബി. രമേഷ്, എം. സുനില്‍, ആര്. വിനീഷ്, വി.ആര്. രവി, എം. ഷനോസ്, ബി. ഷൈജു, ജി. സൗമ്യ, ഡി. ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.