മാല കവർച്ചാകേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
പെരിന്തല്‍മണ്ണ: ഏലംകുളത്തും അങ്ങാടിപ്പുറത്തും സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത കേസുകളിലെ പ്രതികളെ മാസങ്ങൾക്ക് ശേഷം കണ്ടെത്തി. പെരുമ്പടപ്പ് പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കൊല്ലം അഞ്ചാലുംമൂട് മുരുന്തല്‍ കൊച്ചഴിയത്ത് പണിയില്‍ ശശി (44), ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല തറയില്‍ ഉണ്ണികൃഷ്ണന് (31), കാവാലം നാരകത്തറ ചെങ്ങളത്തില്‍ ദീപക് (49) എന്നിവരാണ് പ്രതികൾ. റിമാന്‍ഡിലായിരുന്ന പ്രതികളെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പെരിന്തല്‍മണ്ണ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
ജനുവരി 12ന് മലപ്പുറം പാണക്കാട് സ്കൂള്‍ അധ്യാപിക ജോലികഴിഞ്ഞ് അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് പോകവെ ചിത്രാലയ റോഡില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. രണ്ടര പവനോളമുള്ള മാലയാണ് നഷ്ടപ്പെട്ടത്. ഫെബ്രുവരി ഒമ്പതിന് രാവിലെ പത്തരയോടെ ഏലംകുളം ബാങ്കില്‍നിന്ന് വീട്ടിലേക്ക് പോകവെ ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ത്രീയുടെ കഴുത്തിലെ മാല കവര്‍ന്നതും തെളിഞ്ഞു.
2.5 പവനോളമുള്ള മാല ബൈക്കിന് പിന്നിലുള്ളയാളാണ് പൊട്ടിച്ചത്. രണ്ട് സംഭവങ്ങളിലും ശശി, ഉണ്ണികൃഷ്ണന് എന്നിവരാണ് പ്രതികൾ. ഇവരില്‍നിന്ന് മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും മാല വാങ്ങി വില്പന നടത്തിയതിനാലാണ് ദീപക് പ്രതിയായത്. കവർച്ച സംബന്ധിച്ച് പെരിന്തൽമണ്ണ പൊലീസ് അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ തുടരന്വേഷണം നിലച്ച അവസ്ഥയിലായിരുന്നു.
എസ്.ഐ സന്തോഷ്കുമാറിെൻറ നേതൃത്വത്തില്‍ എ.എസ്.ഐമാരായ അരവിന്ദാക്ഷന്, സലീം, സീനിയര്‍ സി.പി.ഒ ഷിഹാബ്, സി.പി.ഒമാരായ സന്ദീപ്, കൈലാസ് എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.