സ്കൂട്ടറിലെത്തി മാല കവർച്ച; രണ്ടുപേർ അറസ്റ്റിൽ
text_fieldsവിഷ്ണു അനിൽകുമാർ, ധന്യ
വാകത്താനം: വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വാകത്താനം സ്വദേശി കല്ലടിയിൽ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം വരുന്ന മാല മേയ് 25നാണു കവർന്നത്. നീല സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മാല പറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചു പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മേയ് 31ന് വൈകീട്ടോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്കൂട്ടർ പാർക്ക് ചെയ്ത് ഹെൽമറ്റ് മാറ്റുന്ന ദൃശ്യങ്ങളിൽനിന്ന് സംശയിക്കുന്ന ആളെ തിരിച്ചറിഞ്ഞു.
കവർച്ചക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചു. ഫോട്ടോ കാണിച്ച് നടത്തിയ അന്വേഷണത്തിൽ പാമ്പൂരംപാറ സ്വദേശിയും പുതുപ്പള്ളി പെട്രോൾ പമ്പ് ജീവനക്കാരിയുമായ ധന്യയാണ് ഈ സ്ത്രീയെന്നു തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യവീട്ടിൽ താമസിക്കുന്ന വിഷ്ണു അനിൽകുമാറിന്‍റെ വിവരം ലഭിച്ചത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത സ്കൂട്ടർ മോഷണക്കേസിലും പ്രതിയാണെന്ന് വിഷ്ണു സമ്മതിച്ചു. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ സ്കൂട്ടർ മോഷണക്കേസുകളുണ്ട്. എസ്.എച്ച്.ഒ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ജോജി സെബാസ്റ്റ്യൻ, വി.സി അനീഷ് ചന്ദ്രൻ എന്നിവരാണു കേസന്വേഷിച്ചത്. 20 വർഷമായി ലീലാമ്മയും ഭർത്താവ് രാജുവും ഇവിടെ മാടക്കട നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

