പട്ടാപ്പകൽ ബൈക്കിലെത്തി മാല മോഷണം; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsചന്ദ്രു സുരേഷ്
വണ്ടൂർ: വീടിനു മുന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തി തട്ടിപ്പറിച്ച പ്രതിയെ എഴ് മണിക്കൂറിനുള്ളിൽ പിടികൂടി എടവണ്ണ പൊലീസ്. തഞ്ചാവൂർ സ്വദേശി ചന്ദ്രു സുരേഷിനെയാണ് (20) എടവണ്ണ സി.ഐ പി. വിഷ്ണു അറസ്റ്റ് ചെയ്തത്. രാവിലെ 10ഓടെയാണ് തിരുവാലി അങ്ങാടിക്കു സമീപം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയുടെ മാല പ്രതി ബൈക്കിലെത്തി തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്.
വീട്ടമ്മയുടെ പരാതിയിൽ തിരുവാലിയിലെയും പരിസരങ്ങളിലെയും സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ പ്രതി ആരെന്ന് വ്യക്തമായി. തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇയാളെ പുന്നപ്പാല ശിവക്ഷേത്രത്തിനു സമീപത്ത് െവച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പശുഫാമിലെ ജീവനക്കാരനാണ് ചന്ദ്രു സുരേഷ്.
പ്രതി തട്ടിപ്പറിച്ച രണ്ടര പവെൻറ മാലയും ഫാമിനു സമീപത്തുെവച്ച് കണ്ടെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ സമാനരീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരുകയാണ്.