
ഭാര്യക്കായി 10,000 രൂപ വാഗ്ദാനം ചെയ്തു; 80കാരനെ കൊലപ്പെടുത്തിയ 33കാരൻ അറസ്റ്റിൽ
text_fieldsമുംബൈ: ഭാര്യയെ വിട്ടുനൽകാൻ 10,000 രൂപ വാഗ്ദാനം ചെയ്ത 80കാരനെ കൊലപ്പെടുത്തിയ 33കാരൻ അറസ്റ്റിൽ. 80കാരനായ ശമാകാന്ത് തുകാരം നായിക്കാണ് മരിച്ചത്.
നവി മുംബൈയിലെ പ്രമാണിയാണ് നായിക്. നിരവധി കടകളും ഫ്ലാറ്റുകളും സ്ഥലവും ഉൾപ്പെടെ കോടിക്കണക്കിന് സ്വത്തുക്കൾ ഇയാളുടെ പേരിലുണ്ട്.
കടയുടെ ഉടമയാണ് പ്രതിയായ 33കാരൻ. ഇയാളുടെ കടയിൽ നായിക് സ്ഥിരം ചെല്ലുമായിരുന്നു. അത്തരമൊരു അവസരത്തിൽ നായിക് 33കാരന് 5000രൂപ വാഗ്ദാനം ചെയ്യുകയും ഭാര്യയെ ഇയാളുടെ ഗോഡൗണിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
ആഗസ്റ്റ് 29നും സംഭവം ആവർത്തിച്ചു. നായിക് കടയിലെത്തി ഭാര്യയെ ഗോഡൗണിലേക്ക് അയച്ചാൽ 10,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ നായിക്കിന്‍റെ ആവശ്യത്തിൽ പ്രകോപിതനായ 33കാരൻ ഇയാളെ തള്ളിയിടുകയും തലക്ക് അടിക്കുകയുമായിരുന്നു. ഉടൻ തന്നെ കടയുടെ ഷട്ടർ അടച്ച് മൃതദേഹം വാഷ്റൂമിലേക്ക് മാറ്റുകയും ചെയ്തു.
ആഗസ്റ്റ് 31വരെ മൃതദേഹം വാഷ്റൂമിൽ സൂക്ഷിച്ചു. പിറ്റേന്ന് രാവിലെ അഞ്ചുമണിയോടെ 33കാരൻ നായിക്കിന്‍റെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി കുളത്തിൽ എറിയുകയായിരുന്നു. എന്നാൽ, സംഭവത്തിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. നായിക്കിന്‍റെ വസ്ത്രവും മൊബൈൽ ഫോണും മാലിന്യകുട്ടയിൽ എറിയുകയും ചെയ്തിരുന്നു. അവ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പിതാവിനെ കാണാനില്ലെന്ന പരാതി നൽകാൻ നായിക്കിന്‍റെ മകനൊപ്പം പ്രതി ആഗസ്റ്റ് 29ന് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ആഗസ്റ്റ് 29ന് വൈകിട്ട് വീട്ടിൽനിന്നിറങ്ങിയ 80കാരൻ തിരിച്ചെത്തിയില്ലെന്നാണ് പരാതി. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും പറയുന്നു. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നായിരുന്നു പൊലീസ് കരുതിയത്. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കടയുടമയിലേക്ക് എത്തുകയായിരുന്നു. 33കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.