ബ്ലാക്ക് മാജിക് ചെയ്തെന്ന് ആരോപണം; യുവതിയെ ഭർതൃപിതാവ് മഴു കൊണ്ട് വെട്ടിക്കൊന്നു
text_fieldsനാഗ്പൂർ: ബ്ലാക്ക് മാജിക്ക് നടത്തുന്നുവെന്ന് ആരോപിച്ച് ഭർതൃപിതാവ് മരുമകളെ മഴു കൊണ്ട് വെട്ടിക്കൊന്നു. നാഗ്പൂരിലെ യശോധര നഗറിലാണ് നാടിനെ നടുക്കിയ കൊലപാതകം. ലക്ഷ്മി രവിശങ്കർ പാലി (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർതൃപിതാവ് നത്തുലാൽ പാലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച തുണി കഴുകിക്കൊണ്ടിരുന്ന ലക്ഷ്മിയുമായി വാക്കുതർക്കത്തിലേർപ്പെട്ട പ്രതി കോപാകുലനായി മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാൾ വീടിന് പിന്നിലെ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.
താൻ ഇടക്കിടെ രോഗബാധിതനാകുന്നതിന് കാരണം ലക്ഷ്മി തന്നിൽ ബ്ലാക്ക് മാജിക്ക് പ്രയോഗിക്കുന്നതാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷം മുൻപ് മകൻ മരിച്ചതും മരുമകളുടെ ബ്ലാക്ക് മാജിക്കാണ് കാരണമെന്നായിരുന്നു ഇയാളുടെ വിശ്വാസം. ഇതിന്റെ പേരിൽ ഇരുവരും മാസങ്ങളായി വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു. മൂന്ന് വർഷം മുൻപ് ഭർത്താവ് മരിച്ച ലക്ഷ്മി രണ്ട് മക്കൾക്കൊപ്പം ഇവരുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. പ്രതി നത്തുലാൽ ഭാര്യയുമായും വഴക്കുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. യശോധര നഗർ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

