ജോലി കഴിഞ്ഞ് മടങ്ങിയ നാഗാലാൻഡ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ
text_fieldsയുവതിയെ തള്ളിയിട്ട് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ച അഞ്ചടി താഴ്ചയുള്ള ഓടയിൽനിന്ന്
ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിക്കുന്നു
കഴക്കൂട്ടം: ജോലികഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്ക് പോകുകയായിരുന്ന നാഗാലാൻഡ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ 18കാരി ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ മേനംകുളം മണക്കാട്ടുവിളാകം വിളയിൽവീട്ടിൽ അനീഷിനെ (25) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 12.10ന് ആക്കുളം ബൈപാസിൽ കുളത്തൂർ എസ്.എൻ നഗറിന് സമീപം സർവിസ് റോഡിലായിരുന്നു സംഭവം. ബൈപാസിന് സമീപത്തെ റസ്റ്റാറന്റിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് മടങ്ങവേ പിന്നാലെയെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. കുതറിമാറിയ യുവതിയെ പ്രതി സമീപത്തെ അഞ്ചടി താഴ്ചയുള്ള ഓടയിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. ആക്രമണംതടയാൻ ശ്രമിച്ച യുവതിയുടെ മുഖത്ത് യുവാവ് അടിക്കുകയും ഓടയിലെ കോൺക്രീറ്റ് ഭിത്തിയിൽ മുഖംപിടിച്ച് ഉരക്കുകയും തലപിടിച്ച് ഇടിക്കുകയും ചെയ്തു.
ഈസമയം യുവതിയെ കൂട്ടിക്കൊണ്ടുപോകാനായി വരുകയായിരുന്ന ഭർത്താവ് നിലവിളികേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് റസ്റ്റാറന്റിലെ ജീവനക്കാരും തുമ്പ പൊലീസും സ്ഥലത്തെത്തി. പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഭവശേഷം സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ സംശയകരമായ നിലയിൽനിന്ന യുവാവിനെ ശ്രദ്ധിക്കുകയും ഇയാളുടെ ദൃശ്യം ആക്രമണത്തിനിരയായ യുവതിയെ കാണിച്ച് തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് ബൈക്ക് നമ്പർ പിന്തുടർന്ന് രാത്രിതന്നെ മേനംകുളത്തെ വീട്ടിലെത്തി തുമ്പ എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ അനീഷിനെ പിടികൂടുകയായിരുന്നു. യുവതിയുമായി മൽപിടിത്തത്തിനിടയിൽ ചളിപുരണ്ട ഇയാളുടെ വസ്ത്രവും വീട്ടിൽനിന്ന് അനേഷണ സംഘം കണ്ടെത്തി. മുക്കോലയ്ക്കൽ ജങ്ഷന് സമീപം വാടകവീട്ടിൽ അടുത്തിടെയാണ് യുവതിയും ഭർത്താവും താമസമാക്കിയത്.
ഒരേ റസ്റ്റാറന്റിലാണ് ഇരുവരും ജോലി നോക്കുന്നത്. സംഭവദിവസം ഭർത്താവ് നേരേത്ത ജോലി കഴിഞ്ഞ് മടങ്ങിയിരുന്നു. രാത്രി 11.45ന് ജോലി കഴിഞ്ഞ് റസ്റ്റാറന്റിൽ നിന്നിറങ്ങി ഭർത്താവിനെ ഫോണിൽ വിളിച്ച് സംസാരിച്ച് വീട്ടിലേക്ക് നടന്ന യുവതിയെയാണ് യുവാവ് ആക്രമിച്ചത്. യുവതി റസ്റ്റാറന്റിൽനിന്ന് ഇറങ്ങിയപ്പോൾതന്നെ പിന്തുടർന്ന യുവാവ് ഇടക്ക് ബൈക്ക് റോഡ് വക്കിൽ െവച്ച് യുവതിക്കൊപ്പം നടന്ന് ആദ്യം ശല്യം ചെയ്യുകയും പിന്നീട് ആക്രമണത്തിന് മുതിരുകയുമായിരുന്നു.