
ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം മധ്യവയസ്കന് മർദനം; രണ്ടുപേർ അറസ്റ്റിൽ
text_fieldsഭോപാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം മധ്യവയസ്കന് യുവാക്കളുടെ മർദനം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഉജ്ജയിൻ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
വിഡിയോയിൽ മധ്യവയസ്കാനെ യുവാക്കൾ തടഞ്ഞുനിർത്തുന്നതും ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നതും കാണാം. മുദ്രാവാക്യം വിളിക്കാൻ മധ്യവയസ്കൻ വിസമ്മതിച്ചതോടെ വിളിച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച് തട്ടിക്കയറുകയായിരുന്നു. തുടർന്ന് പ്രതികളുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം ജയ് ശ്രീറാം വിളിക്കുന്നതും വിഡിയോയിലുണ്ട്.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ഇതോടെ ഉജ്ജൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.