കസ്തൂരിഗ്രന്ഥി വിൽപന: ഒരാൾകൂടി പിടിയിൽ
text_fieldsവി.പി. വിനീത്
തളിപ്പറമ്പ്: കസ്തൂരിഗ്രന്ഥി വിൽപനയുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിൽ. കഴിഞ്ഞദിവസം കസ്തൂരിഗ്രന്ഥി വിൽപനക്കിടയിൽ പിടിയിലായ യുവാക്കൾക്ക് നിലമ്പൂരിൽനിന്ന് കസ്തൂരി എത്തിച്ചുനൽകിയ യുവാവാണ് പിടിയിലായത്. പരിയാരം ശ്രീസ്ഥയിലെ വി.പി. വിനീത് (27) ആണ് പിടിയിലായത്. നെരുവമ്പ്രത്ത് ടൂവീലർ വർക്ക്ഷോപ് നടത്തിവരുകയാണ് ഇയാൾ. നിലമ്പൂർ പാലുണ്ട സ്വദേശി ജിഷ്ണുവിൽനിന്നാണ് കസ്തൂരിഗ്രന്ഥികൾ വിനീത് കുഞ്ഞിമംഗലം സ്വദേശി എം. റിയാസിന് എത്തിച്ചുകൊടുത്തത്. വിനീത് മുഖേന ജിഷ്ണുവിന് ഒരു ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. ഈ തുക തിരിച്ചുനൽകാതായപ്പോൾ നിരവധിതവണ ബന്ധപ്പെട്ടതോടെ ഈടായി നൽകിയതാണത്രെ മൂന്ന് കസ്തൂരിഗ്രന്ഥികൾ. വിനീത് ആണ് ഇവ റിയാസിന് എത്തിച്ചുനൽകിയത്. പിന്നീട് ഒരു വർഷത്തിനുശേഷവും പണം തിരിച്ചുതരാതായതോടെ അന്വേഷിച്ചപ്പോൾ നിലമ്പൂർ സ്വദേശി ജിഷ്ണു എം.ഡി.എം.എ കേസിൽ പിടിയിലായെന്നും ജാമ്യത്തിലിറങ്ങിയശേഷം ഇയാളെക്കുറിച്ച് വിവരമില്ലെന്നും മനസ്സിലായി. തുടർന്ന് റിയാസ് കസ്തൂരിവിൽപന നടത്താൻ സാജിദിനെയും ആസിഫിനെയും ചുമതലപ്പെടുത്തി. തനിക്ക് ലഭിക്കാനുള്ള ലക്ഷം രൂപയിലധികം ലഭിച്ചാൽ അത് ഇവർക്ക് രണ്ടു പേർക്കും നൽകുമെന്നായിരുന്നു കരാർ. ഇതിനിടയിൽ ഫോറസ്റ്റ് ഇന്റലിജൻസിന് വിവരം ലഭിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അഞ്ച് കോടിയിലേറെ വിലമതിക്കുന്നതാണ് കസ്തൂരി. എന്നാൽ, ഇതിന്റെ യഥാർഥ വിപണിമൂല്യം പിടിയിലായ നാലുപേർക്കും അറിയില്ലെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്.
നിലമ്പൂർ സ്വദേശി ജിഷ്ണുവിനെക്കുറിച്ച് പിടിയിലായവർ നൽകിയ മൊഴി വാസ്തവമാണോയെന്നത് അന്വേഷിച്ചുവരുകയാണ്. നിലമ്പൂർ ഫോറസ്റ്റ് വിജിലൻസിന് ജിഷ്ണുവിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

