കാടുവെട്ടുയന്ത്രം കൊണ്ട് കൊല: പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
text_fieldsകൊല്ലപ്പെട്ട പ്രവീൺ, പ്രതി മൊയ്തീൻ കുട്ടി
മഞ്ചേരി: എളങ്കൂർ ചാരങ്കാവിൽ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചാരങ്കാവ് കൂമംതൊടി ചുള്ളിക്കുളത്ത് മൊയ്തീൻകുട്ടിയാണ് (35) പ്രതി. വണ്ടൂർ പോരൂർ ചാത്തങ്ങോട്ടുപുറം നടുവിലെ ചോലയിൽ പ്രവീണാണ് (35) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കസ്റ്റഡിയിൽ വാങ്ങാൻ രണ്ട് ദിവസത്തിന് ശേഷം കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. ചോദ്യം ചെയ്തതിന് ശേഷമേ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.ചാരങ്കാവ് അങ്ങാടിക്ക് സമീപം ഞായറാഴ്ച 6.45നാണ് നാടിനെ നടുക്കിയ അരുംകൊല. കൊല്ലപ്പട്ടെ പ്രവീണും സുഹൃത്ത് ചാത്തങ്ങോട്ടുപുറം വീട്ടിക്കാപറമ്പ് സുരേന്ദ്രനും ഒരുമിച്ച് കാട് വെട്ടാൻ പോകുന്നവരാണ്.
ചാരങ്കാവ് അങ്ങാടിക്കു സമീപം താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിനുസമീപം സുരേന്ദ്രൻ പ്രവീണിനെ കാത്തുനിൽക്കുമ്പോൾ അടുത്തുവന്ന മൊയ്തീൻ സുരേന്ദ്രനോട് കാടുവെട്ടുന്ന യന്ത്രം ആവശ്യപ്പെട്ടു. സ്ഥലത്ത് പൊന്തി നിൽക്കുന്ന കാട് വെട്ടാനാണെന്നും ഉടൻ തിരിച്ചുതരാമെന്നു പറഞ്ഞു യന്ത്രം കൈക്കലാക്കി. ഈ സമയം സ്ഥലത്തെത്തിയ പ്രവീൺ ബൈക്ക് നിർത്തി സുരേന്ദ്രനോട് സംസാരിക്കവെ മൊയ്തീൻ യന്ത്രം കഴുത്തിനുനേരെ വീശുകയായിരുന്നു. പിറകിലേക്ക് മലർന്നുവീണ പ്രവീൺ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മഞ്ചേരി ഇൻസ്പെക്ടർ വി. പ്രതാപ് കുമാറിന്റെ നേതൃത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

