പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാലുവർഷത്തിനു ശേഷം പിടിയിൽ
text_fieldsഅനൂപ് കുമാർ
ചെങ്ങന്നൂർ: ജീവപരന്ത്യം ശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ നാലു വർഷത്തിനു ശേഷം പിടികൂടി. മുളക്കുഴ കാണിക്ക മണ്ഡപത്തിനു സമീപം രേണു ഓട്ടോ ഫ്യുവൽസ് ഉടമയായ ശങ്കരമംഗലത്ത് എം.പി.മുരളീധരൻ നായരെ (55) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ചെങ്ങന്നൂർ, ആലാ പെണ്ണുക്കര വടക്കും മുറിയില്‍ പൂമലച്ചാല്‍ മഠത്തിലേത്ത് ബോഞ്ചോ എന്ന അനൂപ് കുമാറിനെയാണ് (36) പ്രത്യേക അന്വേഷണസംഘം ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയത്.
2016 ഫെബ്രുവരി 18 ന് രാത്രി പെട്രോള്‍ അടിക്കാനെത്തിയ ഗുണ്ടകളായ മനോജും അനൂപും ജീവനക്കാരുമായി വഴക്കുണ്ടാക്കി. തുടർന്ന് ഭീഷണി മുഴക്കി മടങ്ങി. വൈകിട്ട് ഏഴരയോടെ മുരളീധരന്‍നായരും ബന്ധുവായ ശശികുമാറും ബൈക്കില്‍ സഞ്ചരിക്കവേ മനോജും അനൂപും പിന്തുടർന്ന് കമ്പിവടികൊണ്ട് മുരളീധരന്‍ നായരുടെ തലക്ക് അടിക്കുകയായിരുന്നു. കേസിൽ അനൂപ് കുമാർ, രാജീവ്, ഐസക്ക് എന്ന മനോജ് എന്നിവർ ജയിലിലായി. 2022ൽ അനൂപ് കുമാർ 14 ദിവസത്തെ പരോളിലിറങ്ങി മുങ്ങി.
രണ്ടാം പ്രതിയായ രാജീവ് നെട്ടുകാൽത്തേരി തുറവൂർ ജയിലിലും, മൂന്നാം പ്രതി ഐസക്ക് എന്ന് വിളിക്കുന്ന മനോജ് പൂജപ്പുര സെൻട്രൽ ജയിലിലും ശിക്ഷ അനുഭവിച്ചു വരുകയാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി. എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ 2023 മുതലുള്ള അന്വേഷണമാണ് ഇപ്പോഴത്തെ അറസ്റ്റിനിടയാക്കിയത്. ഇൻസ്‌പെക്ടർ എ.സി.വിപിൻ, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സിനു വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജി. ഉണ്ണികൃഷ്ണപിള്ള, ഐ. മുഹമ്മദ് ഷഫീക്, അരുൺ ഭാസ്ക്കർ, സിവിൽ ഓഫിസർമാരായ ജിജോ സാം, കെ.എം.കണ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

