1994ൽ കൊലപാതകം നടത്തി മുങ്ങി, ആദ്യം ബോംബെ, പിന്നീട് സൗദി, ഇടക്ക് നാട്ടിലെത്തി വിവാഹവും കഴിച്ചു, എല്ലാ വർഷവും മുടങ്ങാതെ അവധിക്ക് നാട്ടിലെത്തിയിട്ടും പൊലീസ് അറിഞ്ഞത് 31 വർഷത്തിന് ശേഷം..!
text_fieldsചെങ്ങന്നൂർ പൊലീസ് പ്രതി ജയപ്രകാശുമായി ചെറിയനാട് തെളിവെടുപ്പ് നടത്തുന്നു
ചെങ്ങന്നൂർ : കൊലപാതകം നടത്തിയ മുങ്ങി 31 വർഷത്തിനു ശേഷം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി. ചെറിയനാട് അരിയന്നൂർ ചെന്നങ്കോടത്തു കുട്ടപ്പണിക്കരെ (71) മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ചെറിയനാട് അരിയന്നൂർശ്ശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെ (57) ആണ് ചെങ്ങന്നൂർ സി.ഐ.എ.സി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം ചെറിയനാട്ടെത്തിച്ചത്.
അരിയന്നൂർശ്ശേരി പി.ഐ.പി കനാൽ ബണ്ടിനു സമീപം ആക്രമണം നടത്തിയ സ്ഥലം ജയപ്രകാശ് കാണിച്ചുക്കൊടുത്ത ശേഷം സംഭവത്തെക്കുറിച്ച് വിശദീകരിച്ചു.
തന്റെ പിതാവിനെക്കുറിച്ച് മോശമായി സംസാരിച്ചതിന്റെ പ്രതികാരമായാണ് കുട്ടപ്പപണിക്കരെ ജയപ്രകാശ് 1994 നവംബർ 15 ന് രാത്രി എഴു മണിയോടെ കല്ലുകൊണ്ട് മർദിച്ചത്. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 15 ന് രാവിലെ കുട്ടപ്പപണിക്കർ മരിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം മുംബൈയിലേക്കു കടന്ന ജയപ്രകാശ് കുട്ടപ്പപണിക്കരുടെ മരണ വിവരമറിഞ്ഞതോടെ സൗദിയിലെ തന്റെ ജോലി സ്ഥലത്തേക്ക് മുങ്ങി. 1999 ൽ കോടതി ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നാൽ, മൂന്നു വർഷത്തിനു ശേഷം കാസർഗോഡ് സ്വദേശി എന്ന പേരിൽ ചെന്നിത്തലയിൽ നിന്ന് വിവാഹം കഴിക്കുകയും എല്ലാവർഷവും അവധിക്ക് മുടങ്ങാതെ പ്രതി ചെന്നിത്തലയിലെ വീട്ടിലെത്തിയിരുന്നു. ഭാര്യവീടിന്റെ വിലാസത്തിൽ പാസ്പോർട്ട് പുതുക്കിയിരുന്നതിനാൽ ജയപ്രകാശിനെ കണ്ടെത്താനായില്ല.
രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഈ മാസം രണ്ടിന് ചെന്നിത്തല ഒരിപ്രത്തുള്ള ഭാര്യ വീടിന് സമീപത്തുനിന്ന് പിടിയിലാകുകയായിരുന്നു. എസ്.എച്ച്.ഒ. എസ്.ഐ.എസ്. പ്രദീപ് , സി.പി.ഒ.മാരായ ബിജോഷ്കുമാർ, വിബിൻ.കെ.ദാസ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

