നവജാത ശിശുവിന്റെ കൊലപാതകം: മാതാവും സുഹൃത്തും റിമാൻഡിൽ
text_fieldsകൊച്ചി: ഒരുമാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മാതാവിനെയും സുഹൃത്തിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി. ഷാനിഫ് (25), എഴുപുന്ന സ്വദേശിനി അശ്വതി (25) എന്നിവരെയാണ് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
മാരത്തൺ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ബുധനാഴ്ച രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. കൊലപാതകം, ജുവൈനൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ അടക്കമുള്ളവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചയാണ് ഇവരോടൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ അബോധാവസ്ഥയിൽ ജനറൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് പരിക്കുകൾ കണ്ട ഡോക്ടർ പൊലീസിൽ വിവരമറിയിച്ചു. പിന്നീട് ക്രൂരപീഡനമേറ്റതിനെത്തുടർന്നാണ് കുഞ്ഞ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ ഒഴിവാക്കുന്നതിന് ഷാനിഫ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നും അതിന് മാതാവ് അശ്വതി കൂട്ടുനിന്നെന്നുമാണ് പൊലീസ് കണ്ടെത്തൽ. നേരത്തേ മറ്റൊരാളോടൊപ്പമായിരുന്ന അശ്വതി ഗർഭിണിയായിരിക്കെയാണ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഷാനിഫിനൊപ്പം ജീവിതമാരംഭിച്ചത്. ചേർത്തലയിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്ന ഇരുവരും ആ വീടൊഴിഞ്ഞശേഷം, കുഞ്ഞിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ മാസം ഒന്നിന് കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തുവെന്നാണ് പൊലീസ് കണ്ടെത്തൽ.
എ.സി.പി സി.ജയകുമാറിന്റെ നേതൃത്വത്തിൽ എളമക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾക്കായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണസംഘം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

