പണയംവക്കാൻ സ്വർണം നൽകിയില്ല; വീട്ടമ്മയെ ഓട്ടോ ഡ്രൈവർ കഴുത്ത് ഞെരിച്ച് കൊന്നു
text_fieldsവാടാനപ്പള്ളി: പണയം വെക്കാൻ സ്വർണാഭരണം നൽകാത്ത ദേഷ്യത്തിന് സ്ത്രീയെ ഓട്ടോ ഡ്രൈവർ വായിൽ തുണി തിരുകി കഴുത്ത് ഞെരിച്ച് കൊന്നു. ഓട്ടോ ഡ്രൈവറെ നാട്ടുകാർ പിടികൂടി. തളിക്കുളം നമ്പിക്കടവ് ഹെൽത്ത് സെന്‍ററിന് തെക്ക് തനിച്ച് താമസിക്കുന്ന താണിക്കൽ ഫാത്തിമയുടെ മകൾ ഷാഹിത (61) ആണ് കൊല്ലപ്പെട്ടത്. വലപ്പാട് കോതകുളം സ്വദേശിയും തൃപ്രയാർ സെന്‍ററിലെ ഓട്ടോറിക്ഷ ഡ്രൈവറുമായ പോക്കാക്കില്ലത്ത് ഹബീബ് (52) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ 9.15ഓടെയായിരുന്നു സംഭവം. ഷാജിതയുടെ വീട്ടിൽനിന്ന് നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്. ഹബീബിനെ കണ്ടതോടെ അയൽവാസികൾ മടങ്ങി. വീണ്ടും വന്ന് നോക്കിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പഞ്ചായത്തംഗം എ.എം. മെഹബൂബ് അടക്കമുള്ളവർ എത്തി വാതിൽ തള്ളി തുറന്നപ്പോൾ ഷാഹിത വായിൽ തുണി തിരുകിയ നിലയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്.
മുഖത്തും തുണികൾ ഉണ്ടായിരുന്നു. ഉടൻ വലപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരിച്ചു. ഷാഹിത അണിഞ്ഞിരുന്ന സ്വർണാഭരണം നഷ്ടപ്പെട്ടിരുന്നു. സമീപത്ത് ഹബീബ് ഉണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പരിശോധിച്ചപ്പോൾ ഷർട്ടിന്‍റെ പോക്കറ്റിൽനിന്ന് മൂന്ന് പവനോളം വരുന്ന സ്വർണാഭരണം കണ്ടെടുത്തു. ഇയാളെ വലപ്പാട് പൊലീസിന് കൈമാറി.
ഷാഹിത പുറത്തേക്ക് പോകാൻ ഹബീബിന്‍റെ ഓട്ടോറിക്ഷയാണ് വിളിക്കാറുള്ളത്. രാവിലെ മസാലദോശ വാങ്ങി സ്കൂട്ടറിൽ വീട്ടിലെത്തിയ ഹബീബ് പണയം വെക്കാൻ സ്വർണം ചോദിച്ചു. അത് നിരസിച്ചപ്പോൾ ആഭരണം ബലമായി കൈവശപ്പെടുത്തുകയും തടയാൻ ശ്രമിച്ച ഷാഹിതയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഹബീബ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. അവിവാഹിതയായ ഷാഹിത ഒന്നര വർഷം മുമ്പ് ഉമ്മ മരിച്ചതോടെയാണ് ഒറ്റക്കായത്. ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ, വലപ്പാട് സി.ഐ സുശാന്ത് എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

