ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധവുമായി കോൺഗ്രസ്
text_fieldsകുമളി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. എസ്. സി, എസ്.ടി പീഡന നിരോധന നിയമത്തിലെ 325ആം വകുപ്പ് പ്രതിക്കെതിരെ ചുമത്താത്തതിൽ പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന പ്രതി അർജുനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊലീസ് നടപടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കക്കി കവലയിൽനിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷൻ പടിക്കൽ എത്തിയപ്പോൾ, പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പൊലീസുമായി നേരിയ ഉന്തിനും തള്ളിനും ഇടയാക്കി. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു മാർച്ച് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ജൂണ്‍ 30നാണ് വണ്ടിപ്പെരിയാർ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയില്‍ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ അയൽവാസികൂടിയായ അര്ജുൻ അറസ്റ്റിലായി. പെൺകുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും കണ്ടെത്തി. എന്നാല്‍, പ്രതിക്ക് പരമാവധി ശിക്ഷലഭിക്കുന്ന ചില വകുപ്പുകള്‍ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പരാതി ഉയർന്നു. ഇക്കാര്യങ്ങള്‍ ചോദ്യംചെയ്ത് ഹൈകോടതിയില്‍ കുടുംബം നല്കിയ അപ്പീല്‍ പരിഗണിക്കവെ കോടതി പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.