വയോധികന്റെ കൊല: പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsപ്രതിയെ താഹയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
മംഗലപുരം: മംഗലപുരത്ത് 67 കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മേയ് 21നാണ് തോന്നയ്ക്കൽ പാട്ടത്തിൽ താഹയെ (67) സമീപവാസിയായ റാഷിദ് (31) വീട്ടിൽ കയറി കുത്തിയത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ പിറ്റേ ദിവസം മരിച്ചു. താഹയെ കൊലപ്പെടുത്താനായി റാഷിദ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്താൻ ശ്രമിച്ചെങ്കിലും താഹയുടെ ഭാര്യ നൂർജഹാൻ തടഞ്ഞു.
നൂർജഹാനെ തള്ളിതാഴെയിട്ട ശേഷമാണ് ഇയാൾ താഹയെ കുത്തിയത്. വയറിൽ കുത്തേറ്റ താഹ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് ഓടിക്കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തി. വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റ താഹയുടെ ആന്തരികാവയവങ്ങൾ പുറത്തുചാടി. ബന്ധുക്കളും നാട്ടുകാരും ചേർന്ന് താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു.
തെളിവെടുപ്പിനായി പ്രതിയെ വീട്ടിൽ എത്തിച്ചപ്പോൾ താഹയുടെ ഭാര്യ നൂർജഹാന്റെ പ്രതിഷേധം
സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാർ പിടികൂടി മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു. താഹ മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ പ്രതികാരമായാണ് കുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ചൊവ്വാഴ്ച രണ്ടരയോടെ തെളിവെടുപ്പിന് പ്രതിയെ വീട്ടിലെത്തിച്ചപ്പോൾ കൊല്ലപ്പെട്ട താഹയുടെ ഭാര്യ ഉൾപ്പെടെയുള്ളവർ വലിയ പ്രതിഷേധം ഉണ്ടാക്കി. റിമാൻഡിലായ പ്രതിയെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ നൽകിയത്. എസ്.എച്ച്.ഒ ഹേമന്ദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

