നാടിനെ നടുക്കി അന്തർ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: നാഗമ്പടം വീണ്ടും അശാന്തമാകുന്നു
text_fieldsകോട്ടയം: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും കേന്ദ്രമായ നാഗമ്പടത്ത് പട്ടാപ്പകൽ അരങ്ങേറിയ കൊലപാതകം നാടിനെ നടുക്കി. ഒഡിഷ സ്വദേശി ബുർദ ശിശിർ ആണ് മറ്റൊരു ഒഡിഷക്കാരനായ രാജേന്ദ്ര ഗൗഡയുടെ വെട്ടേറ്റ് മരിച്ചത്. കീഴടങ്ങിയ രാജേന്ദ്ര ഗൗഡ അറിയിച്ചതനുസരിച്ച് റെയിൽവേ പൊലീസ് സ്ഥലത്തെത്തുമ്പോൾ രക്തം വാർന്ന് മണ്ണിൽ മരിച്ചുകിടക്കുന്ന ശിശിറിനെയാണ് കാണുന്നത്. കഴുത്തിനു പിന്നിലാണ് വെട്ടേറ്റത്. ഇരുവരും നാട്ടിൽ അയൽവാസികളാണ്.
അവിടെവെച്ച് ശിശിർ ഭാര്യയെയും മകളെയും ഉപദ്രവിക്കുകയും കളിയാക്കുകയും ചെയ്തകാര്യം സംസാരിച്ചുതീർക്കാനെന്നുപറഞ്ഞാണ് രാജേന്ദ്ര ഗൗഡ നാഗമ്പടം വ്യവസായ കേന്ദ്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ വിളിച്ചുവരുത്തിയത്. ഇയാൾക്കൊപ്പം കൂട്ടുകാരായ മൂന്നുപേർകൂടിയുണ്ടായിരുന്നു. വാക്കുതർക്കത്തിനിടെ വടിവാളുപോലുള്ള ആയുധം ഉപയോഗിച്ച് ശിശിർ ആക്രമിക്കാൻ ശ്രമിച്ചെന്നും ആയുധം പിടിച്ചുവാങ്ങി തിരിച്ചുവെട്ടുകയായിരുന്നു എന്നാണ് രാജേന്ദ്ര ഗൗഡ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ആക്രമിക്കാനുപയോഗിച്ച ആയുധം കണ്ടെടുക്കാനായിട്ടില്ല.
ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികൾ സാധാരണ ഒത്തുകൂടുന്ന സ്ഥലമാണ് നാഗമ്പടം. ഞായറാഴ്ച കോട്ടയം നഗരത്തിലെ തെരുവുകച്ചവട വിപണികളിലെത്തുന്ന തൊഴിലാളികൾ തുടർന്ന് നാഗമ്പടം ബസ് സ്റ്റാൻഡ്, റെയില്‍വേ സ്‌റ്റേഷന്‍, ഗുഡ് ഷെഡ് റോഡ് എന്നിവിടങ്ങളിൽ ഒത്തുകൂടുന്നതാണ് പതിവ്. ഇവർ തമ്മിൽ ലഹരിവസ്തുക്കൾ കൈമാറുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇരുട്ടാവുന്നതോടെ ഈ പ്രദേശങ്ങൾ ഇവർ കൈയേറും. യാത്രക്കാർ ഏറെ ഭീതിയോടെയാണ് ഈ സ്ഥലങ്ങളിലൂടെ കടന്നുപോവുന്നത്. തൊഴിലാളികൾ തമ്മിൽ മദ്യപിച്ചും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചും തർക്കങ്ങൾ പതിവാണ്. എന്നാൽ, കുറച്ചുകാലമായി നാഗമ്പടം ശാന്തമായിരുന്നു. 10 വര്‍ഷത്തിനിടെ അഞ്ച് കൊലപാതകങ്ങള്‍ നാഗമ്പടം ബസ് സ്റ്റാൻഡ്, സ്‌റ്റേഡിയം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്.
അന്തർസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി: കുടുംബത്തെ ഉപദ്രവിച്ചതിലെ പ്രതികാരമാണ് കാരണം
കോട്ടയം: നാഗമ്പടത്ത് അന്തർസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി. ഒറീസ ഗൻജാം ജില്ലയിൽ ബുർദ ശിശിറാണ് (27) കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം റെയിൽവേ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ഒറീസ ബറംപൂർ ബറോദ്ദ രാജേന്ദ്ര ഗൗഡയെ (40) അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ നാഗമ്പടം ഗുഡ്‌ഷെഡ് റോഡിൽ റെയിൽവേ നിർമാണപ്രവൃത്തികൾക്ക് മണ്ണെടുക്കുന്ന സ്ഥലത്താണ് സംഭവം.
രാജേന്ദ്ര ഗൗഡ ഒരു വർഷം മുമ്പാണ് കോട്ടയത്ത് ജോലിക്ക് എത്തിയത്. ശിശിർ നാലു മാസം മുമ്പും. രാജേന്ദ്ര ഗൗഡയുടെ ഭാര്യയെും മകളെയും ഉപദ്രവിച്ച ശേഷമാണ് ശിശിർ കേരളത്തിലേക്ക് വന്നത്.
ഇതിന്‍റെ വൈരാഗ്യം രാജേന്ദ്രക്കുണ്ടായിരുന്നു. ഇക്കാര്യം ചർച്ച ചെയ്ത് തീർക്കാമെന്നു പറഞ്ഞാണ് രാജേന്ദ്ര ഗൗഡ അയർക്കുന്നം ഭാഗത്ത് കൂലിപ്പണി ചെയ്യുന്ന ശിശിറിനെ ഫോൺ ചെയ്ത് നാഗമ്പടത്തേക്ക് വിളിച്ചുവരുത്തിയത്.
നാഗമ്പടം വ്യവസായ കേന്ദ്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും രാജേന്ദ്രഗൗഡ ശിശിറിനെ വെട്ടുകയുമായിരുന്നു. കഴുത്തിനുപിറകിലാണ് വെട്ടേറ്റത്. തുടർന്ന് രാജേന്ദ്ര ഗൗഡ തൊട്ടടുത്ത റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. തന്നെ ആക്രമിക്കുമെന്ന് ഭയന്നാണ് വെട്ടിയതെന്നാണ് രാജേന്ദ്ര ഗൗഡ പൊലീസിനോടു പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിനുശേഷമേ അറിയാനാകൂ എന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. പ്രതിയെ ഈസ്റ്റ് പൊലീസിന് കൈമാറി. മൃതദേഹം ഇൻക്വസ്റ്റിനുശേഷം ജില്ല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.