വയോധികയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ
text_fields1. കൊല്ലെപ്പട്ട സരസമ്മ, 2. പ്രതി രതീഷ്
ചെങ്ങന്നൂർ: 85 കാരിയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. ചെന്നിത്തല -തൃപ്പെരുംന്തുറ പഞ്ചായത്ത് കാരാഴ്മ വലിയകുളങ്ങര എട്ടാം വാർഡിൽ ശവംമാന്തി പള്ളിക്ക് സമീപം ഒറ്റക്ക് താമസിച്ചിരുന്ന കിഴക്കും മുറിയിൽ ഇടയിലെ വീട്ടിൽ പരേതനായ ഹരിദാസിെൻറ ഭാര്യ സരസമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട കേസിലാണ് ബന്ധുവും അയൽവാസിയുമായ രതീഷിനെ (40) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നവംബർ 28നാണ് താമസിച്ചിരുന്ന വീടിെൻറ മുൻവശത്തെ കിണറ്റിൽ സരസമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ആർക്കും സംശയം ഇല്ലാതിരുന്നതിനാൽ പരാതിയും ഉണ്ടായിരുന്നില്ല. എന്നാൽ, വണ്ടാനം മെഡിക്കൽ കോളജിൽ നടത്തിയ ഇൻക്വസ്റ്റിൽ കമ്മലുകൾ വലിച്ചു പറിച്ചെടുത്തതായി കണ്ടെത്തിയതിന് പിന്നാലെ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് പ്രാഥമികമായി തെളിയുകയായിരുന്നു. തുടർന്ന് ജില്ല െപാലീസ് മേധാവി ജി. ജയ്ദേവിെൻറ മേൽനോട്ടത്തിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ.ജോസ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജി.സുരേഷ്കുമാർ, വെൺമണി പൊലീസ് ഇൻസ്പെക്ടർ രമേശ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു. ചെന്നിത്തല ഒരിപ്രം കല്ലുമ്മൂട് ഉള്ള ജ്വല്ലറിയിൽ കമ്മൽ വിൽക്കാൻ ശ്രമിച്ചതിെൻറ സൂചനകളാണ് നിർണായകമായത്.
വിവാഹിതനായ രതീഷ് അമ്മയോടൊപ്പം ഇടയിലെ വീട്ടിൽ താമസിക്കുകയാണ്. ഭാര്യ വിശാഖപട്ടണത്ത് നഴ്സാണ്. ദീപാവലി ദിവസം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് പ്രതിയും സരസമ്മയുടെ സഹോദരെൻറ വീട്ടുകാരുമായി വാക്കുതർക്കം നടന്നിരുന്നു. 28ന് വെളുപ്പിന് ഒരു മണിയോടെ സഹോദരെൻറ വീടിന് പുറകുവശം എത്തിയ രതീഷിനെ സരസമ്മ കാണുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഇവരുടെ വായ് പൊത്തി പിടിച്ചതോടെ ബോധം പോവുകയുമായിരുന്നു. തുടർന്ന് കൈലിയുടെ ഒരു ഭാഗം കീറി കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കി. പിന്നീട് സ്ഥിരമായി വെള്ളം കോരുന്ന കിണറ്റിൽ ഇടുകയായിരുന്നു. സരസമ്മയുടെ കമ്മലും, കഴുത്ത് മുറുക്കാൻ ഉപയോഗിച്ച കൈലിയുടെ ഭാഗവും കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.