മൃതദേഹം കാണപ്പെട്ടത് മുഖത്തടിയേറ്റ നിലയിൽ; നാടിനെ ഞെട്ടിച്ച് യുവതിയുടെ കൊലപാതകം
text_fieldsഇരവിപുരം: യുവതിയുടെ കൊലപാതക വാർത്തയിൽ ഞെട്ടി ഇരവിപുരം നിവാസികൾ. ഞായറാഴ്ച രാവിലെ പത്തോടെയാണ് ഇരവിപുരം മാർക്കറ്റിനടുത്തെ വാടക വീട്ടിൽ യുവതി കൊല്ലപ്പെട്ട വിവരം നാട്ടുകാർ അറിഞ്ഞത്.
വിവരം നാട്ടിൽ പരന്നതോടെ ഈ വീടും പരിസരവും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. മാർക്കറ്റിനടുത്ത് രവിയുടെ ഉടമസ്ഥതയിലുള്ള മേലാച്ചുവിളയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന മുരുകന്റെ ഭാര്യ മഹേശ്വരി (27)യെയാണ് വീടിന്റെ മുൻവശത്തെ മുറിയിൽ കട്ടിലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖത്തടിയേറ്റ നിലയിലായിരുന്നു മൃതദേഹം.
സംഭവമറിഞ്ഞ് നാട്ടുകാർ കൂടിയപ്പോൾ വീടിനകത്തുണ്ടായിരുന്ന മുരുകൻ തനിക്കൊന്നും അറിയില്ലെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞത്. വിവരമറിഞ്ഞ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നിരന്തരമായ ചോദ്യംചെയ്യലിൽ താനാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. വസ്ത്രങ്ങൾ തേയ്ക്കുന്ന ജോലി നോക്കിയിരുന്ന ഇയാൾക്ക് ഭാര്യയിലുള്ള സംശയമാണ് കൊലക്ക് കാരണമായതെന്നാണ് മൊഴി.

