'ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസിലാക്കി'; വയനാടിനെ നടുക്കി അറുകൊല
text_fieldsവെള്ളിലാടി: സുഹൃത്തായ അന്തർ സംസ്ഥാന തൊഴിലാളിയെ വെട്ടിമുറിച്ച് കഷണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ. പെയിന്റിങ് തൊഴിലാളിയും തൊണ്ടര്‍നാട് വെള്ളിലാടിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന യു.പി സ്വദേശി മുഖീബിനെ (25) ആണ് യു.പി സ്വദേശി മുഹമ്മദ് ആരിഫ് (38), ഭാര്യ സൈനബിനൊപ്പം ചേർന്ന് ക്വോർട്ടേഴ്സിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്. കൊലക്ക് ഒത്താശ ചെയ്തുവെന്ന് കണ്ടെത്തലിലാണ് ഭാര്യയെ കേസില്‍ പ്രതി ചേർത്തത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരിഫ് വാടക വീട്ടിലെത്തിയപ്പോള്‍ അവിടെ സുഹൃത്ത് മുഖീബുണ്ടായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ സുഹൃത്തിനെ കണ്ടപ്പോള്‍ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ശ്വാസം മുട്ടിച്ച് മുഖീബിനെ കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നത്. പിന്നീട് വെള്ളമുണ്ടയിൽനിന്ന് കത്തിവാങ്ങി വീട്ടില്‍ തിരിച്ചെത്തി ഭാര്യയെ മുറിയില്‍നിന്ന് മാറ്റിയ ശേഷമാണ് മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിയിലും സ്യൂട്ട്കേസിലുമാക്കിയത്.
രാത്രിയാണ് സുഹൃത്തിന്റെ ഓട്ടോറിക്ഷയിൽ മൃതദേഹമടങ്ങിയ പെട്ടികള്‍ മൂളിത്തോട് പാലത്തിന് സമീപം എത്തിച്ച് ഉപേക്ഷിച്ചത്. മാലിന്യമെന്ന വ്യാജേനയാണ് പെട്ടി ഉപേക്ഷിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്നാണ് പെട്ടികൾ കണ്ടെത്തിയതും സംഭവം പുറത്തറിയുന്നതും.
ആരിഫിന്റെ വാടക വീടിന് സമീപം തന്നെയായിരുന്നു മുഖീബ് താമസിച്ചിരുന്നത്. എന്നാൽ, ആരിഫും മുഖീബും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം 22ന് മുഖീബ് രണ്ടേനാലിലേക്ക് താമസം മാറുകയായിരുന്നു. പ്രതികളെ ശനിയാഴ്ച ഉച്ചയോടെ വെള്ളമുണ്ട സ്റ്റേഷൻ എസ്.ഐമാരായ ടി.കെ. മിനിമോൾ, സാദിർ തലപ്പുഴ, വിനോദ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ സംഭവം നടന്ന വെള്ളിലാടിയിലെ താമസസ്ഥലത്തും കത്തി വാങ്ങിയ വെള്ളമുണ്ടയിലെ കടയിലും എത്തിച്ച് തെളിവെടുത്തു. മുഖീബും ആരിഫിന്റെ ഭാര്യയും തമ്മിലുള്ള ബന്ധത്തില്‍ സംശയിച്ചാണ് കൊല നടത്തിയത്. ഭാര്യയുടെ മുന്നിൽവെച്ചാണ് കൊല നടത്തിയത്.
എന്നാൽ, കഷണങ്ങളാക്കി പെട്ടിയിലാക്കുമ്പോൾ ഭാര്യയെ ആരിഫ് മാറ്റിയിരുന്നു. ശേഷം രക്തക്കറകൾ കഴുകിക്കളയാൻ ഭാര്യയുമുണ്ടായിരുന്നു. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ മേൽനോട്ടത്തിൽ തൊണ്ടർനാട് എസ്.എച്ച്.ഒ അഷ്റഫാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

