ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതകം; പ്രതി അർഷദിന്‍റെ പൊലീസ് കസ്റ്റഡി അവസാനിച്ചു
text_fieldsകാക്കനാട്: ഇടച്ചിറ ഫ്ലാറ്റ് കൊലപാതകക്കേസിലെ പ്രതി കോഴിക്കോട് സ്വദേശി കെ.കെ. അർഷദിന്‍റെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകാതിരുന്നതോടെ ഇയാളെ ജയിലിലേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട മറ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം. രണ്ടുതവണയായി 10 ദിവസത്തോളം അർഷദ് പൊലീസ് കസ്റ്റഡിയിലായിരുന്നു.
ഇതിൽ പകുതിയോളം ദിവസം വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപുറമെ കൊണ്ടോട്ടിയിലെ ജ്വല്ലറി മോഷണം, കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് കേസ് എന്നിവയിലും പ്രതിയായതിനാൽ ഇവിടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു.
ജ്വല്ലറിയിൽനിന്ന് മോഷണം നടത്തിയതിലൂടെ ലഭിച്ച പണമായിരുന്നു സജീവിന് കഞ്ചാവ് വാങ്ങാനായി കടം കൊടുത്തത്. പണം മടക്കി നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
കൊല്ലപ്പെട്ട സജീവിന്‍റെ കൈവശമുണ്ടായിരുന്ന ലഹരി വസ്തുക്കളായിരുന്നു കാസർകോട്ട് പിടിയിലാകുമ്പോൾ അർഷദിൽനിന്ന് കണ്ടെടുത്തത്. കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാസർകോട്ട് അർഷദിനൊപ്പം പിടികൂടിയ സുഹൃത്ത് അശ്വന്തിനെ കേസിന്‍റെ ഭാഗമാക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

