കഞ്ചാവ് വില്‍പന തടഞ്ഞതിന് കൊലപാതകം; പ്രതികള്‍ നസീറിനെ വെട്ടി കൊല്ലുന്നത് കണ്ടായി സാക്ഷികള്‍
text_fieldsRepresentational Image
തിരുവനന്തപുരം: കരിമഠം കോളനിക്ക് ഉളളിലെ കഞ്ചാവ് വില്‍പന തടഞ്ഞ നസീറിനെ പ്രതികള്‍ വെട്ടി കൊല്ലുന്നത് കണ്ടതായി കരിമഠം സ്വദേശികളായ ഷിബുവും രാജേഷും കോടതിയില്‍ മൊഴി നല്‍കി. കൊല്ലപ്പെട്ട വാള്‍ നസീര്‍ എന്ന നസീര്‍ മയക്ക് മരുന്ന് വില്‍പനയെ എതിർക്കുന്ന റെസ്റ്റ് ഓഫ് ഇന്‍ഡ്യ എന്ന സംഘടനയിലെ ഭാരവാഹിയാണ്.
നഗരത്തിലെ പ്രധാന മയക്ക് മരുന്ന് വില്‍പ്പനക്കാരനും കരിമഠം സ്വദേശിയുമായ അമാനം സതി എന്ന സതിയോട് ഇനി മയക്ക് മരുന്ന് കച്ചവടം നടത്തിയാല്‍ പൊലീസിന് വിവരം നല്‍കുമെന്ന് കൊല്ലപ്പെട്ട നസീര്‍ പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞ് 10 മിനിറ്റ് ആകുന്നതിന് മുന്‍പ് സതി സുഹൃത്തുക്കളുമായെത്തി നസീറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതായി സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കി. ആറാം അഢീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
2006 സെപ്തംബര്‍ 11 ന് വൈകിട്ട് 5.30 ന് കരിമഠം കോളനിക്കുളളിലെ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിന് മുന്നിലിട്ടാണ് പ്രതികള്‍ നസീറിനെ ആക്രമിച്ചത്. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നസീര്‍ 23-ാം ദിവസം മരണപ്പെട്ടു. സതി ഉള്‍പ്പെടെ എട്ട് പേരാണ് കരിമഠം കോളനി സ്വദേശികളായ നസീര്‍, അയ്യപ്പന്‍, തൊത്തി സെയ്ദാലി എന്ന സെയ്ദാലി, തൈലം ഷാജി എന്ന ഷാജി, മനു, ജയന്‍, കാറ്റ് നവാസ് എന്ന നവാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇതില്‍ അയ്യപ്പന്‍, ഷാജി, മനു എന്നിവര്‍ വിചാരണ ആരംഭിക്കുന്നതിന് മുന്‍പ് മരണപ്പെട്ടു. പ്രധാന പ്രതിയായ സതി മറ്റൊരു മയക്ക് മരുന്ന് വില്‍പന കേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി അഢീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

